ദുബൈ: ദുബൈ മാളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇനി അഞ്ച് പുതിയ പാലങ്ങള്‍. കെട്ടിടനിര്‍മാതാക്കളായ ഇമാര്‍ ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സഹായത്തോടെയാണ് പാലങ്ങള്‍ നിര്‍മിച്ചത്.
ദുബൈ മാള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് പൊതുവെ അനുഭവപ്പെടാറുള്ളത്. പുതിയ പാലങ്ങള്‍വഴി കൂടുതല്‍ പ്രവേശന സൗകര്യങ്ങള്‍ നല്‍കി ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം. അഞ്ചു പാലങ്ങളുടെയും നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. ആദ്യമേല്‍പ്പാലം വെള്ളിയാഴ്ച തുറന്നുകൊടുക്കും. ദുബൈ മാളിനെ ദോഹ റോഡുമായും ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡുമായും ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
അഞ്ച് പാലങ്ങളില്‍ ഒന്നിന് 765 മീറ്റര്‍ നീളമുണ്ട്. അല്‍ഖൂസില്‍ ആണ് പാലങ്ങള്‍ നിര്‍മിച്ചത്. പിന്നീട് ക്രെയിനുകള്‍ ഉപയോഗിച്ച് ഇവ ദുബൈ മാള്‍ പരിസരത്ത് സ്ഥാപിക്കുകയായിരുന്നു. ശരാശരി എട്ട് കോടി സന്ദര്‍ശകരാണ് ഓരോവര്‍ഷവും ദുബൈ മാളില്‍ എത്തുന്നത്. പുതിയ മേല്‍പ്പാലങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ ആളുകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ദുബൈ മാളില്‍ എത്തിച്ചേരാന്‍ സാധിക്കും. മെട്രോസ്റ്റേഷനില്‍നിന്ന് ദുബൈ മാളിലേക്ക് നേരത്തെത്തന്നെ മേല്‍പ്പാലം ഉണ്ട്.
Post Your Comments