KeralaLatest NewsNews

ജോളിക്കൊപ്പം സിലിക്ക് അന്ത്യചുംബനം നല്‍കേണ്ടി വന്നത് യാദൃശ്ചികം; എല്ലാം ജോളിയുടെ തിരക്കഥയെന്ന് ഷാജു

കോഴിക്കോട്: കൂടത്തായിലെ കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട സിലിയ്ക്ക് ജോളിക്കൊപ്പം അന്ത്യ ചുംബനം നല്‍കേണ്ടി വന്നത് യാദൃശ്ചികമാണെന്നും എല്ലാം് ജോളിയുടെ പദ്ധതിയായിരുന്നുവെന്നും രണ്ടാം ഭര്‍ത്താവ് ഷാജു. ചോദ്യം ചെയ്യലില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും താനുമായുള്ള വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് തനിക്ക് ഇപ്പോഴുള്ളതെന്നും ഷാജു പറഞ്ഞു. തങ്ങള്‍ ഇരുവരും തമ്മില്‍ എന്തോ ഒരു അടുപ്പമുണ്ടെന്ന് മറ്റുള്ളവര്‍ക്ക് തോന്നിപ്പിക്കാന്‍ വേണ്ടി ആയിരിക്കാം ജോളി അങ്ങനെ ചെയ്തിരുന്നതെന്നും ഇപ്പോള്‍ തനിക്കെതിരെ ജോളി പറയുന്ന ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ തന്നെ അപമാനിക്കാന്‍ വേണ്ടിയുള്ളതാണെന്നും ഷാജു വ്യക്തമാക്കി.

എന്‍ഐടി ഉദ്യോഗസ്ഥയാണെന്ന് തോന്നിക്കാന്‍ ഫോണ്‍ വിളികളിലൂടെ ജോളി ശ്രമിച്ചിരുന്നതായും എന്നാല്‍ ജോളിയെ ഒരിക്കലും എന്‍ഐടിയില്‍ കൊണ്ടുപോയി വിട്ടിട്ടില്ലെന്നും അത്തരമൊരു കള്ളത്തരം ജോളി പറയേണ്ടതിന്റെ ആവശ്യകത ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും ഷാജു പറഞ്ഞു. വീട്ടില്‍ കാറും സ്‌കൂട്ടറുമുണ്ട്. ഇവ രണ്ടും ജോളി ഉപയോഗിച്ചിരുന്നു. ജോളിയുടെ ചില കാര്യങ്ങള്‍ പ്രത്യേകിച്ച് ഫോണ്‍ വിളി സംബന്ധിച്ച് തനിക്ക് എതിര്‍ അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാല്‍ വീട്ടില്‍ ഒരു പ്രശ്‌നമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് താന്‍ മാറി നിന്നതെന്നും ഷാജു വ്യക്തമാക്കി.

ജോളിക്ക് രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ല. വിവാഹത്തിന് മുന്‍പും വിവാഹശേഷവും ജോളിയുടെ വീട്ടുകാര്‍ സാമ്പത്തികമായി സഹായിച്ചിരുന്നു. അതുകൊണ്ട് അത്തരം ബാധ്യതകള്‍ ഉണ്ടായിരുന്നില്ല. വീട്ടിലേക്കുള്ള ചെലവുകള്‍ക്കായി താന്‍ സഹായിക്കാറുണ്ടായിരുന്നുവെന്നും ഷാജു പറഞ്ഞു. ആദ്യ ഭാര്യ മരിക്കുന്നതിന് മുന്‍പ് ജോളിയെ ഫോണില്‍ പോലും വിളിച്ചിട്ടില്ലെന്നും മറ്റ് വീട്ടുകാര്‍ക്കൊപ്പം ഒരു ബന്ധുവീട്ടിലെ പരിപാടിക്ക് പോകുമ്പോള്‍ ജോളിയും ഒപ്പമുണ്ടായിരുന്നെന്നും ഷാജു പറഞ്ഞു. ജോളിയോടൊപ്പം വിവാഹത്തിന് മുന്‍പ് തനിച്ചൊരിടത്തും പോയിട്ടില്ലെന്നും ഷാജു പറഞ്ഞു.

ആദ്യ ഭാര്യ സിലിക്കുള്ള അന്ത്യചുംബനം ജോളിക്കൊപ്പം നല്‍കിയത് യാദൃശ്ചികമായാണെന്ന് ഷാജു നേരത്തേ പറഞ്ഞിരുന്നു. താന്‍ അന്ത്യചുംബനം നല്‍കാനെത്തിയപ്പോള്‍ ജോളി ഒപ്പമെത്തിയത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ഈ ചിത്രം ആല്‍ബത്തില്‍ നിന്നും ഒഴിവാക്കണം എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button