കോഴിക്കോട് : കൂടത്തായിലെ കൊലപാതക കേസിൽ മുഖ്യപ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു കസ്റ്റഡിയിൽ. പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് നടപടി. ഷാജുവിനെ വടകര റൂറൽ എസ് പി ഓഫീസില്‍ എത്തിച്ചു. നേരത്തെ കേസിലെ മുഖ്യപ്രതിയായ ജോളി ഷാജുവിനെതിരെ നിർണായക മൊഴി നൽകിയിരുന്നു. ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനേയും കൊന്നത് ഷാജുവിന് അറിയാമായിരുന്നു. താൻ തന്നെയാണ് വിവരം ഷാജുവിനെ അറിയിച്ചത്. അവൾ മരിക്കേണ്ടവൾ തന്നെ ആയിരുന്നു. അതിൽ ദുഃഖമില്ലെന്നും ആരും അറിയരുതെന്നും ഷാജു പറഞ്ഞതായും ജോളി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. അതോടൊപ്പം ഷാജുവിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഷാജുവിനെ ഏറെ നേരം ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.
അതോടൊപ്പം തന്നെ അന്വേഷണം പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും നീങ്ങുന്നു. മുഖ്യപ്രതി ജോളി രാഷ്ട്രീയ നേതാക്കളുമായി നടത്തിയ പണമിടപാടിന്റെ രേഖകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ജോളി മറ്റ് കൊലപാതകങ്ങളും നടത്തിയിരുന്നതായുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന എന്‍ഐടിക്കടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായിരുന്ന മണ്ണിലേത് വീട്ടില്‍ രാമകൃഷ്ണന്റെ മരണത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു. രാമകൃഷ്ണന്റെ വീട്ടിലെത്തിയാണ് പൊലീസ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. രാമകൃഷ്ണന്റെ മരണത്തില്‍ തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്നും എന്നാല്‍ ഭൂമി വിറ്റ വകയില്‍ അച്ഛന്റെ കൈവശമുണ്ടായിരുന്ന 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തു എന്നും രാമകൃഷ്ണന്റ മകന്‍ രോഹിത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
Post Your Comments