ന്യൂഡൽഹി: ഭീകരവാദ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ആഗോള കൂട്ടായ്മ. ഭീകരവാദികളുടെ പ്രവർത്തനവും രാജ്യത്ത് വർധിച്ചതായി ആഗോള കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് കണ്ടെത്തി. ആഗോള കൂട്ടായ്മയുടെ മുമ്പിൽ ഉത്തരം മുട്ടിയിരിക്കുകയാണ് പാക്കിസ്ഥാൻ. ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക ലഭ്യത ഇല്ലാതാക്കാനായി നിര്‍ദേശിച്ച 40 മാനദണ്ഡങ്ങളില്‍ ഒന്നുമാത്രമാണ് നടപ്പാക്കിയതെന്ന് എഫ്എടിഎഫ് കുറ്റപ്പെടുത്തി. യുഎന്‍ സുരക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദ്, ആഗോള ഭീകര സംഘടന ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയ സംഘടനകളെ നിയന്ത്രിക്കുന്നതിനായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ വാരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഭീകരവാദികള്‍ക്കും ഭീകര സംഘടനകള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാകുന്നത് തടയാന്‍ യുഎന്‍ സുരക്ഷ കൗണ്‍സില്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല. ഏഷ്യാ പസിഫിക് ഗ്രൂപ്പാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എഫ്എടിഎഫ് നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്തിയേക്കും.പാകിസ്ഥാന്‍റെ ഭീകരവാദ വിരുദ്ധ നിയമവും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലെന്നും എഫ്എടിഎഫ് വ്യക്തമാക്കി.
ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് എഫ്എടിഎഫ്. ഒക്ടോബര്‍ 13 മുതല്‍ 18 വരെ പാരീസിലാണ് എഫ്എടിഎഫ് യോഗം. നേരത്തെ യുഎന്നിന്‍റെയും എഫ്എടിഎഫിന്‍റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തിനാല്‍ ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഭീകരവാദ സംഘടനകളുടെ 700ഓളം സ്വത്തുവകകള്‍ കണ്ടുകെട്ടിയതായി പാകിസ്ഥാന്‍ അറിയിച്ചു. ഇത് മതിയായ നടപടിയല്ലെന്ന് ഇന്ത്യയും മറ്റ് രാജ്യങ്ങളും വാദിച്ചു.
Post Your Comments