Latest NewsKeralaNews

ജോളിയുടെ നടപടികള്‍ സംശയാസ്പദമാണെന്ന് മനസിലാക്കിയ ടോം തോമസും മാത്യു മഞ്ചാടിയിലും പിന്നെ പുറംലോകത്തോട് തുറന്നു പറയാന്‍ ഉണ്ടായില്ല

കോഴിക്കോട് : ജോളിയുടെ നടപടികള്‍ സംശയാസ്പദമാണെന്ന് മനസിലാക്കിയ ടോം തോമസും മാത്യു മഞ്ചാടിയിലും പിന്നെ പുറംലോകത്തോട് തുറന്നു പറയാന്‍ ഉണ്ടായില്ല. രഞ്ജി ഭര്‍ത്താവിനൊപ്പം   ശ്രീലങ്കയിലെ കൊളംബോയിലായിരുന്നപ്പോള്‍ പിതാവ് ടോം തോമസ് അവിടെ പോയിരുന്നു. ജോളിയുടെ നടപടികള്‍ പലതും സംശയാസ്പദമാണെന്ന് പിതാവ് മകളോട് പറഞ്ഞു. അതിനിടെ, 2008 ജൂലൈയില്‍ പിതാവിനെ അമേരിക്കയിലേക്ക് കൊണ്ടുപോവാന്‍ റോജോ തീരുമാനിച്ചു. എന്നാല്‍, ഈ യാത്ര ജോളി മുടക്കി. താന്‍ ഗര്‍ഭിണിയാണെന്നും പ്രസവം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയാല്‍ മതിയെന്നുമായിരുന്നു ജോളി പറഞ്ഞത്. എന്നാല്‍, 2008 ആഗസ്റ്റ് 26ന് ടോം തോമസ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ജോളിയുടെ പ്രസവം നടന്നതുമില്ല. പ്രസവം അലസിപ്പോയെന്നാണ് ജോളി പറഞ്ഞത്. ഇതും റോജോയില്‍ സംശയം ജനിപ്പിച്ചിരുന്നു.

റോയി മരിക്കുന്ന സമയത്ത് ചാത്തമംഗലം എന്‍.ഐ.ടിയില്‍ അധ്യാപികയായിരുന്നെന്നാണ് ജോളി പറഞ്ഞത്. എന്നാല്‍, റോയി മരിച്ചപ്പോള്‍ എന്‍.ഐ.ടിയില്‍നിന്ന് അധികൃതരോ വിദ്യാര്‍ഥികളോ ആരും വീട്ടില്‍ എത്താതിരുന്നത് സംശയം വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച് റോജോ നടത്തിയ അന്വേഷണത്തില്‍ ജോളി എന്ന പേരില്‍ എന്‍.ഐ.ടിയില്‍ അധ്യാപിക ജോലി ചെയ്യുന്നില്ലെന്ന് അറിഞ്ഞു.

ഇതിനിടെ 2014 ഫെബ്രുവരി 24ന് റോജോയുടെ അമ്മാവന്‍ മഞ്ചാടിയില്‍ മാത്യു കുഴഞ്ഞുവീണ് മരിച്ചു. മാത്യു മരിക്കുന്ന ദിവസം ഉച്ചക്ക് ജോളിയുടെ വീട്ടില്‍ പോയിരുന്നു. ഉച്ച കഴിഞ്ഞ് എറണാകുളത്തുള്ള രഞ്ജിയോട് ജോളിയുടെ നടപടികള്‍ പലതും സംശയാസ്പദമാണെന്ന് മാത്യു ഫോണില്‍ പറഞ്ഞിരുന്നു. അന്ന് വൈകീട്ട് ആറരയോടെ ജോളിയാണ് മാത്യു കുഴഞ്ഞുവീണ് മരിച്ച വിവരം രഞ്ജിയെ അറിയിച്ചത്. മാത്യു മരിക്കുന്നതിനു മുമ്പായി ജോളിയുടെ വീട്ടില്‍ ചെന്നത് രഞ്ജി റോജോയുമായി പങ്കുവെച്ചു. ഇതോടെ പിതാവ് ടോം, മാതാവ് അന്നമ്മ, റോയി, മാത്യു എന്നിവരുടെ മരണത്തില്‍ റോജോക്ക് സംശയം

2014 മേയ് മാസം ഷാജുവിന്റെ മകള്‍ ആല്‍ഫൈനും തുടര്‍ന്ന് 2016 ജനുവരിയില്‍ ഷാജുവിന്റെ ഭാര്യ സിലിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചതും ഒരു വര്‍ഷം പിന്നിട്ട് 2017 ഫെബ്രുവരിയില്‍ ജോളി ഷാജുവിനെ വിവാഹം ചെയ്തതും റോജോയും രഞ്ജിയും ആശങ്കയോടെയാണ് കേട്ടത്. കൂടത്തായിയിലെ തറവാട്ടു വീട്ടില്‍ രണ്ടാം വിവാഹശേഷവും ജോളി താമസം തുടരുന്നത് റോജോ ചോദ്യംചെയ്തു. ഭര്‍ത്താവായ ഷാജുവിന്റെ കോടഞ്ചേരിയിലെ വീട്ടിലെത്തി ഷാജുവിനോടും പിതാവ് സക്കറിയയോടും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കോടഞ്ചേരിയിലെ വീട്ടിലേക്ക് മാറാന്‍ ജോളി കൂട്ടാക്കിയില്ല. തുടര്‍ന്ന്, റോജോ കോടഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംഘടിപ്പിച്ചു. അപ്പോഴാണ് റോയിയുടെ ദുരൂഹ മരണത്തിലെ സംശയം ഇരട്ടിച്ചത്. റോയി ഭക്ഷണമെടുത്തുവെക്കാന്‍ പറഞ്ഞ് കുളിക്കാന്‍ ബാത്ത്‌റൂമില്‍ കയറിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ജോളി ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍, റോയിയുടെ വയറ്റില്‍ ദഹിക്കാത്ത കടലയും ചോറും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.ഇതോടെയാണ് ദുരൂഹ സാഹചര്യത്തില്‍ നടന്ന എല്ലാ മരണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കാന്‍ റോജോയും രഞ്ജിയും കൂട്ടായി തീരുമാനിച്ചത്.t_

shortlink

Related Articles

Post Your Comments

Related Articles


Back to top button