തിരുവനന്തപുരം : കൂടത്തായി കൂട്ടമരണത്തോടെയാണ് ഇപ്പോള്‍ സയനൈഡ് വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്. മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും അതേക്കുറിച്ച് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സയനൈഡ് വന്ന വഴി കൃത്യമായി അന്വേഷിച്ചു കണ്ടെത്തിയിരുന്നെങ്കില്‍ പ്രതികള്‍ അന്നേ കുടുങ്ങുമായിരുന്നു.
ഒരു തരി പൊട്ടാസ്യം സയനൈഡ് കഴിച്ചാല്‍ അനായാസം മരിക്കാമെന്ന പലരുടെയും ധാരണ തെറ്റാണ്. സയനൈഡ് കഴിച്ചാല്‍ ഏതാനും മിനിറ്റിനുള്ളില്‍ മരിക്കുമെങ്കിലും ശാന്തമായ മരണമല്ല ഉണ്ടാകുക. വിഷം അകത്തു ചെന്ന് മൂന്നു മിനിറ്റോളം നെഞ്ച് പിളര്‍ക്കുന്ന വേദന അനുഭവപ്പെടും.
ഉപ്പുകല്ല് പോലെയാണ് സയനൈഡ്. തീക്ഷ്ണമായ എരിവു കലര്‍ന്ന രുചിയാണെന്ന് ഗവേഷകര്‍ പറയുന്നു. മരച്ചീനിക്കട്ടിന്റെയോ പച്ച ആല്മണ്ടിന്റെയോ ഗന്ധം. ‘ഉള്ളില്‍ ചെന്നാല്‍ കഠിനമായ വേദന കാരണം പലരും അലറി വിളിക്കും. വെപ്രാളം കാണിക്കും. ഛര്‍ദിയും തളര്‍ച്ചയും തലവേദനയും ആദ്യഘട്ടത്തില്‍ ഉണ്ടാകും. സയനൈഡ് ഉള്ളില്‍ ചെന്നയാള്‍ ഭീതിജനകമായ പരാക്രമം കാണിക്കും’ – പ്രശസ്ത ഫൊറന്‍സിക് സര്ജന് ഡോ. ബി.ഉമാദത്തന് തന്റെ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങള്‍ക്ക് രക്തത്തിലെ ഓക്സിജന്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥവരും. നിമിഷങ്ങള്‍കൊണ്ട് മരണം സംഭവിക്കും. രക്തത്തിന്റെ നിറം മാറും. സാധാരണ രക്തത്തിന് ഇരുണ്ട ചുവപ്പു നിറമാണെങ്കില്‍ സയനൈഡ് കലരുമ്പോള്‍ അത് തിളക്കമുള്ള ചുവന്ന നിറമായി മാറും.
മൂലകങ്ങളായ കാര്‍ബണും നൈട്രജനുമാണ് സയനൈഡില് അടങ്ങിയിരിക്കുന്നത്. പൊട്ടാസ്യം സയനൈഡും ഹൈഡ്രജന്‍ സയനെഡും സോഡിയം സയനൈഡുമെല്ലാം ഉള്ളില്‍ ചെന്നാല്‍ മരിക്കാനെടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും. ശരീരത്തിന്റെ തൂക്കം, ഉള്ളില്‍ ചെന്ന സയനൈഡിന്റെ അളവ്, അത് ശരീരത്തിലെത്തിയ രീതി എന്നിവയാണ് മരണത്തിലേക്ക് ഒരാളെ തള്ളിവിടുന്നതിന്റെ വേഗം തീരുമാനിക്കുന്നത്. ഒരാള്‍ 5 മിനിറ്റില്‍ മരിക്കുമെങ്കില്‍ മറ്റൊരാള്‍ മരിക്കുന്നത് 30 മിനിറ്റു കൊണ്ടാകും. 50 മുതല്‍ 60 വരെ മില്ലീഗ്രാം ഹൈഡ്രജന്‍ സയനൈഡ് ശരീരത്തിലെത്തിയാല്‍ മരണകാരണമാകും. 200 മുതല്‍ 300 വരെ മില്ലീഗ്രാം പൊട്ടാസ്യം സയനൈഡോ സോഡിയം സയനൈഡോ ഉള്ളില്‍ ചെന്നാല്‍ മരണകാരണമാകും.
ഹൈഡ്രജന്‍ സയനൈഡ് ഉള്ളില്‍ ചെന്നാല്‍ 2 മുതല്‍ 10 വരെ മിനിറ്റിനുള്ളില്‍ മരണം സംഭവിക്കാം; സോഡിയം – പൊട്ടാസ്യം സയനൈഡാണെങ്കില് 30 മിനിറ്റും. ചില കേസുകളില്‍ വിഷം ഉള്ളില്‍ ചെന്നാലും മണിക്കൂറുകളോളം കുഴപ്പമുണ്ടാകില്ല. ശരീരം വിഷത്തെ ആഗിരണം െചയ്യാന്‍ സമയമെടുക്കുന്നതു കൊണ്ടാണിത്. സയനൈഡ് ഉള്ളില്‍ ചെന്ന് ഓക്സിജന്റെ അളവു കുറയ്ക്കുന്നതോടെ ഹൃദയത്തിലെയും തലച്ചോറിലെയും കോശങ്ങള്‍ നശിച്ച് മരണം സംഭവിക്കും. തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് പ്രതിരോധ മരുന്നുകള്‍ നല്കി രക്ഷപ്പെടുത്താന്‍ കഴിഞ്ഞാലും തലച്ചോറിലും ഹൃദയത്തിലും സംഭവിച്ച തകരാറുകള്‍ നല്കുന്ന ശാരീരിക അവശതകളോടെയാകും പിന്നീടുള്ള ജീവിതം.
സയനൈഡിന്റെ രുചി അറിയാന്‍ ഒരു ശാസ്ത്രജ്ഞന് സയനൈഡ് കഴിച്ചു നോക്കിയെന്നും ‘എസ്’ എന്നെഴുതിയശേഷം മരിച്ചെന്നും കഥ പ്രചരിക്കുന്നുണ്ട്. വാസ്തവം വ്യക്തമല്ലെങ്കിലും കേരളത്തില്‍ സമാനമായ സംഭവം 2006 ജൂണ്‍ 17ന് ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ സ്വര്‍ണപ്പണിക്കാരനായിരുന്ന എം.പി.പ്രസാദാണ് പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ സയനൈഡ് കഴിച്ചശേഷം മരിക്കുന്നതിനു മുന്‍പ് അതിന്റെ രുചി പേപ്പറില്‍ രേഖപ്പെടുത്തിയത്. മദ്യത്തില്‍ കലര്‍ത്തിയാണ് പ്രസാദ് സയനൈഡ് ഉപയോഗിച്ചത്. ‘പൊട്ടാസ്യം സയനൈഡ് ഞാന്‍ രുചിച്ചു. നാക്കിനെ പൊള്ളിക്കുന്ന തീക്ഷ്ണമായ എരിവാണ്’- പ്രസാദ് പേപ്പറില്‍ എഴുതി.
Post Your Comments