കൊച്ചി:ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ പൂതന പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്. ഷാനിമോള്‍ തനിക്ക് സഹോദരിയെ പോലെയാണെന്നും ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച സുധാകരന്‍ ചിലര്‍ നുണ പ്രസിദ്ധീകരിക്കുകയാണെന്നും ആരോപിച്ചു.
അടുക്കളയില്‍ കയറിയല്ല വാര്‍ത്ത എടുക്കേണ്ടതെന്നും പത്രക്കാര്‍ പല കാര്യങ്ങളിലും കുഴലൂത്ത് നടത്തുകയാണെന്നും പറഞ്ഞ സുധാകരന്‍ ആലപ്പുഴ ബൈപാസ്സ് വാര്‍ത്തകള്‍ അതിന് ഉദാഹരണമാണെന്നും കുറ്റപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിച്ചത് കോണ്‍ഗ്രസ് ആണെന്നും എറണാകുളത്തുകാരനായ കോണ്‍ഗ്രസ് എംഎല്‍എ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയെ കുറിച്ച് പറഞ്ഞതാണ് സ്ത്രീ വിരുദ്ധതയെന്നും സുധാകരന്‍ ആരോപിച്ചു.
അടുക്കളയില്‍ കയറി ന്യൂസ് പിടിക്കുന്ന മാധ്യമങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല. നമ്മുടെ സംസ്‌കാരം അതാണ്. നമ്മുടെ അടുക്കളയില്‍ കയറി ന്യൂസ് പിടിച്ച് കൊടുക്കുന്നത് നല്ല മാധ്യമ സംസ്‌കാരമാണോ? എന്നും അദ്ദേഹം ചോദിച്ചു. ഷാനിമോള്‍ സ്വന്തം സഹോദരിയെ പോലെയാണ്. ഇന്നും ഇന്നലെയൊന്നുമല്ല പത്ത് മൂപ്പത് വര്‍ഷമായി. അവര്‍ സെനറ്റ് മെമ്പറും ഞാന്‍ സിന്റിക്കേറ്റ് മെമ്പറും ആയിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ്. അവരുടെ ഭര്‍ത്താവ് ഉസ്മാന്‍ എന്റെ അടുത്ത സുഹൃത്താണ്. ഒരു ശത്രുതയും ഇല്ല. എന്നാല്‍ കോണ്‍ഗ്രസിലെ കുറച്ച് പേര്‍ അവരെ തോല്‍പിക്കാന്‍ വേണ്ടി പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയുകയാണ്. മാധ്യമങ്ങളാണ് അടുക്കളയില്‍ കയറി അനാവശ്യമായ വാര്‍ത്ത ഉണ്ടാക്കുന്നത്- സുധാകരന്‍ പറഞ്ഞു.
അതേസമയം, ഷാനിമോള്‍ക്കെതിരെ ജി സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധത്തിനൊരുങ്ങുകയാണ് യുഡിഎഫ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ ഉപവാസ സമരം നടത്തും. മന്ത്രിക്കെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments