പാലാ•രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി നിയുക്ത എം എല്‍ എ മാണി സി കാപ്പന്‍ മാതൃകയായി.
ചെറിയാന്‍ ജെ കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ കായികമേളയ്ക്കിടെ അപകടമുണ്ടായ വിവരം അറിയുമ്പോള്‍ മാണി സി കാപ്പന്‍ വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം മതിയാക്കി നേരെ സ്റ്റേഡിയത്തിലെത്തിയപ്പോഴേയ്ക്കും പരുക്കുപറ്റിയ വിദ്യാര്‍ത്ഥിയെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഫോണില്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പരുക്ക് ഗുരുതരമാണെന്നറിഞ്ഞ് അവിടേയ്ക്ക് കുതിച്ചു.
പാലാ താലൂക്ക് ഗവണ്‍മെന്റാശുപത്രിയില്‍ നിന്നും കൂടുതല്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേയ്ക്ക് കുട്ടിയെ മാറ്റണം. അതിനായി വെന്റിലേറ്റര്‍ സൗകര്യമുള്ള ആശുപത്രി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രികളുമായി നിയുക്ത എം എല്‍ എ ഫോണില്‍ ബന്ധപ്പെട്ടു. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. മെഡിക്കല്‍ കോളജിലും ഒഴിവില്ലെന്ന മറുപടി ലഭിച്ചു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ഒരു വെന്റിലേറ്റര്‍ ഒഴിവുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് സ്വന്തം കാറില്‍ ആംബുലന്‍സിനു മുമ്പേ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് പാഞ്ഞു.
മെഡിക്കല്‍ കോളജില്‍ നിയുക്ത എം എല്‍ എ നേരിട്ടെത്തിയതോടെ നടപടി വേഗത്തിലായി. ആംബുലന്‍സില്‍ പരുക്കേറ്റ കുട്ടിയെ എത്തിക്കും മുമ്പേ വെന്റിലേറ്ററടക്കമുള്ള സൗകര്യങ്ങള്‍ മാണി സി കാപ്പന്‍ നേരിട്ടിടപെട്ട് ഏര്‍പ്പാടാക്കി. അപ്പോഴേയ്ക്കും വിദഗ്ദ ഡോക്ടര്‍മാരുടെ സംഘവും തയ്യാറായി നിന്നു. പരുക്കേറ്റ കുട്ടിയെയും കൊണ്ട് ആംബുലന്‍സ് മെഡിക്കല്‍ കോളജിന്റെ കവാടം കടക്കുമ്പോള്‍ ചികിത്സയ്ക്കായുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിരുന്നു. തുടര്‍ന്ന് നിയുക്ത എം എല്‍ എ യുടെ നേതൃത്വത്തില്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. ഏറ്റവും മികച്ച ചികിത്സ ഉറപ്പു വരുത്തിയ ശേഷമാണ് മാണി സി കാപ്പന്‍ പാലായ്ക്ക് തിരിച്ചത്. ജനപ്രതിനിധിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും തന്റെ കടമ നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇതേക്കുറിച്ച് മാണി സി കാപ്പന്‍ പ്രതികരിച്ചത്.
Post Your Comments