UAELatest NewsNewsGulf

ഉച്ചഭക്ഷണം കഴിച്ച 18 പേര്‍ക്ക് ഭക്ഷ്യവിഷബാധ; പ്രമുഖ റെസ്‌റ്റോറന്റ് അടച്ചുപൂട്ടി

ഷാര്‍ജ: ഉച്ചഭക്ഷണം കഴിച്ച പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്ന് യുഎഇയിലെ ഒരു പ്രശസ്ത റെസ്റ്റോറന്റ് അടച്ചുപൂട്ടി. ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ച 18 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്.

ഷാര്‍ജ ആസ്ഥാനമായുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരാണിവര്‍. ഷാര്‍ജയിലെ ഒരു പ്രശസ്തമായ റെസ്റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. കമ്പനിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് മാനേജ്‌മെന്റ് ജീവനക്കാര്‍ക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ഇതിനായി മാനേജര്‍ രണ്ട് ദിവസം മുമ്പ് തന്നെ ടേബിള്‍ ബുക്ക് ചെയ്തിരുന്നു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഛര്‍ദ്ദി, പനി, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ ജീവനക്കാര്‍ക്ക് അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അല്‍ കാസിമി ആശുപത്രി ഉള്‍പ്പെടെ നഗരത്തിലെ വിവിധ ആശുപത്രികളിലാണ് ജീവനക്കാര്‍ ചികിത്സ തേടിയിരിക്കുന്നത്.

അല്‍ ഖാസിമി ആശുപത്രിയില്‍ നിന്നാണ് അല്‍ ബുഹൈറ പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 13 തൊഴിലാളികളെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റെസ്റ്റോറന്റ് ഉടമയെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. തുടര്‍ നടപടികള്‍ക്കായി വിവരം മുനിസിപ്പാലിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തൊഴിലാളികള്‍ കഴിച്ച ഭക്ഷണമുള്‍പ്പെടെ ഫോറന്‍സിക് പരിശോധന നടത്തി. അസുഖബാധിതരായ തൊഴിലാളികളില്‍ ചിലരെ അല്‍ കുവൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഷാര്‍ജ മുനിസിപ്പാലിറ്റി റെസ്റ്റോറന്റ് അടച്ചുപൂട്ടി.

മുനിസിപ്പാലിറ്റി നടത്തിയ അന്വേഷണത്തില്‍ ഇവിടെ നിന്നും കഴിച്ച ഭക്ഷണം തന്നെയാണ് ഭക്ഷ്യവിഷബാധയുണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചു. റെസ്റ്റോറന്റ് താല്‍ക്കാലികമായി അടയ്ക്കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യവിഷബാധ ഉണ്ടായതെങ്ങനെയെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഒരു റെസ്റ്റോറന്റ് ജീവനക്കാരന്‍ പറഞ്ഞു. തങ്ങള്‍ നിരവധിയിടങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഒരിക്കലും ബാക്കി വന്നതോ പഴകിയതോ ആയ ഭക്ഷണം ഉപയോഗിച്ചിട്ടിന്നെും തൊഴിലാളികളുടെ താമസ സ്ഥലത്തും മറ്റ് സ്ഥലങ്ങളിലും ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും സംഭവം നടന്ന അതേ ദിവസം തന്നെ 250 പേര്‍ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്നും ഒരു പരാതി പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷണം തയ്യാറാക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും സംഭരിക്കുമ്പോഴും ശുചിത്വം പാലിക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button