KeralaLatest NewsNews

മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയാനുള്ള സമയപരിധി നീട്ടി നല്‍കി : ഇനിയൊരു വിട്ടുവീഴ്ചയില്ലെന്ന് താമസക്കാരോട് അധികൃതര്‍

കൊച്ചി: മരടിലെ ഫ്ളാറ്റുകളില്‍നിന്ന് താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി ഏതാനും മണിക്കൂറുകള്‍കൂടി നീട്ടിനല്‍കി. ഒഴിയാനും സാധനങ്ങള്‍ മാറ്റുന്നതിനുമായി സമയപരിധി വ്യാഴാഴ്ച രാത്രി 12 മണി വരെയാക്കി. മരടിലെ ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുള്ള സ്നേഹില്‍ കുമാര്‍ ഐ.എ.എസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വൈകിട്ട് അഞ്ചുമണിക്ക് സമയപരിധി അവസാനിക്കുമെന്നായിരുന്നു വിവരം.

രാത്രി 12 മണി വരെ വൈദ്യുതി-ജല വിതരണം നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ആറുമണിക്കുള്ളില്‍ അധികൃതര്‍ തീരുമാനമെടുക്കും. അതേസമയം, മൂന്നാം തീയതിയെന്ന അവസാനതീയതിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ജില്ലാ ഭരണകൂടവും അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

ഒരുപക്ഷേ, അനുവദിച്ച സമയപരിധിക്കുള്ളില്‍ ഫ്ളാറ്റുടമകള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായില്ലെങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ എ.സി.പി. അടക്കമുള്ള ഉദ്യോഗസ്ഥര്‍ മരടിലെത്തിയിരുന്നു. ഒഴിപ്പിക്കല്‍ നടപടികളുടെ കാര്യങ്ങള്‍ നേരിട്ട് വിലയിരുത്താനായി വൈകിട്ടോടെ ജില്ലാ കളക്ടറും മരടിലെ ഫ്ളാറ്റുകളിലെത്തി

ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇനിയും നീട്ടിനല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം. അത്രയേറെ സാധനസാമഗ്രികള്‍ മുകള്‍നിലകളില്‍നിന്ന് താഴെയിറക്കാനുണ്ടെന്നും താത്കാലിക താമസസൗകര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button