മരട്: സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ ഫ്‌ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകള്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിനെതിരെ ഇന്ന് നാട്ടുകാര്‍ ജനകീയ കണ്‍വന്‍ഷന്‍ നടത്തും.
അതേസമയം ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയേണ്ട തീയ്യതി നാളെ അവസാനിക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ തീരുമാനിച്ചത് മുതല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഫ്ളാറ്റ് പൊളിക്കുന്ന നടപടികള്‍ സംബന്ധിച്ച് നഗരസഭയ്ക്ക് യാതൊരു ധാരണയും ഇല്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം. സമീപത്തെ അമ്പലത്തില്‍ വെടിക്കെട്ട് നടന്നാല്‍ പോലും തങ്ങളുടെ വീടുകളില്‍ പ്രകമ്പനം ഉണ്ടാകും. വീടുകളിലെ ജനല്‍ ചില്ലുകള്‍ പൊട്ടിയ സ്ഥിതിയും ഉണ്ടായിട്ടുണ്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റ് പൊളിക്കുമ്പോള്‍ വീടുകളില്‍ വിള്ളലുകള്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണെന്നും പക്ഷെ ഇക്കാര്യങ്ങളെ കുറിച്ചൊന്നും നഗരസഭ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ഇവര്‍ പറയുന്നു. നിരവധി തവണ നഗരസഭയിലെത്തിയെങ്കിലും തങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ജനകീയ കണ്‍വന്‍ഷന്‍ നടത്താനും പ്രതിഷേധം ആരംഭിക്കാനും നാട്ടുകാര്‍ തീരുമാനിച്ചത്.
ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ എത്ര ദൂരപരിധിയില്‍ വരെയുള്ള ആളുകള്‍ ഒഴിഞ്ഞുപോകണമെന്നും എത്ര ദിവസത്തേക്ക് മാറിനില്‍ക്കണമെന്നും വ്യക്തമായിട്ടില്ലെന്നും ഇത്തരത്തില്‍ ഒഴിയേണ്ടവര്‍ ഈ ദിവസങ്ങളില്‍ എവിടെ താമസിക്കും എന്നതിനും മറുപടിയില്ല. മാത്രമല്ല ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനിടയില്‍ പ്രദേശത്തെ വീടുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ പറ്റിയാല്‍ നഗരസഭ നഷ്ടപരിഹാരം നല്‍കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. പ്രതിഷേധ പരിപാടിയില്‍ എം സ്വരാജ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. നേരത്തെ മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. മരട് ഫ്‌ളാറ്റുകള്‍ക്ക് സമീപത്തെ താമസക്കാരനായ അഭിലാഷ് എന്‍ ജിയാണ് ഹര്‍ജി നല്‍കിയത്. ഇത്രയും വലിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമ്പോള്‍ അത് പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കുന്നതിനാല്‍ പരിസ്ഥിതി ആഘാത പഠനത്തിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
Post Your Comments