Latest NewsKeralaNews

സ്ഥലം മാറ്റത്തിന് മുമ്പ് രേണുരാജ് റദ്ദാക്കിയത് നാല് വ്യാജ പട്ടയങ്ങള്‍; ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം

ഇടുക്കി: സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച വ്യാജപട്ടയങ്ങള്‍ ദേവികുളം സബ് കളക്ടര്‍ റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ദേവികുളം അഡീഷനല്‍ തഹസില്‍ദ്ദാര്‍ രവീന്ദ്രന്‍ നല്‍കിയ നാല് പട്ടയങ്ങളാണ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പരിശോധന പൂര്‍ത്തിയാക്കി സബ് കളക്ടര്‍ രേണുരാജ് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഭൂമി ഏറ്റെടുക്കാന്‍ ദേവികുളം തഹസില്‍ദ്ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥലം മാറ്റത്തിന് മുമ്പ് കഴിഞ്ഞ മാസം 24 ന് സബ് കളക്ടര്‍ ഇറക്കിയ ഉത്തരവാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്.

ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട എല്‍.എ 96/99, 94/99,97/99,54/99 എന്നീ പട്ടയങ്ങളാണ് റദ്ദാക്കിയത്. ആദ്യഘട്ടമെന്ന നിലയില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 24നാണ് ഈ പട്ടയങ്ങള്‍ റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. 1955 മുതല്‍ സ്ഥിരം താമസക്കാരായിരുന്ന പി എം മാത്യുവിനെയും കുടുംബത്തെയും സാമൂഹ്യവത്കരണത്തിന്റെ പേരില്‍ 1965 ല്‍ സര്‍ക്കാര്‍ ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് ഈ ഭൂമി തവര്‍ണ്ണ(തൈകള്‍ ഉത്പാദിക്കാന്‍) നിര്‍മ്മിക്കുന്നതിനായി വനംവകുപ്പിന് കൈമാറുകയായിരുന്നു. എന്നാല്‍ തവര്‍ണ്ണ ജോലിക്കെത്തിയ മരിയദാസ് എന്നയാള്‍ ഭൂമി കൈയ്യേറി അയാളുടെ പേരിലും ബന്ധുക്കളുടെയും വ്യാജപട്ടയങ്ങള്‍ നിര്‍മ്മിച്ചാണ് കൈയ്യേറ്റം നടത്തിയത്.

സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി എം മാത്യുവിന്റെ ബന്ധുക്കള്‍ 2014 ലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. 2018ല്‍ പുത്തന്‍ വീട്ടില്‍ ബിനുപാപ്പച്ചന്‍ നല്‍കിയ പരാതിയില്‍ പട്ടയങ്ങള്‍ പരിശോധിക്കാന്‍ ദേവികുളം സബ് കളക്ടറെ നിയോഗിക്കുകയായിരുന്നു. 2019 ജൂണില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പരിശോധനയില്‍ ബന്ധുക്കളായ അളകര്‍സ്വാമി, മുത്തു, സുജ, ചിന്നത്തായ് എന്നിവര്‍ സബ് കളക്ടര്‍ മുമ്പാകെ നേരിട്ട് ഹാജരായി. തങ്ങളുടെ പട്ടയത്തിനായി അപേക്ഷ സമര്‍പ്പിക്കുകയോ പട്ടയം കൈപ്പറ്റുകയോ വസ്തുവില്‍ താമസിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇവര്‍ നാലുപേരും ബോധിപ്പിച്ചതെന്ന് സബ് കളക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

പരിശോധനയില്‍ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ പട്ടയം റദ്ദാക്കുന്നുവെന്നും പട്ടയത്തിന്റെ പേരില്‍ പിടിച്ചിട്ടുള്ള തണ്ടപ്പേരും ഉള്‍പ്പെടുന്ന വസ്തുക്കളും സര്‍ക്കാര്‍ അധീനതയില്‍ ഏറ്റെടുക്കുന്നതിന് തഹസില്‍ദ്ദാരെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന്റെ രണ്ടേക്കറോളം വരുന്ന ഭൂമി വ്യാജപട്ടയങ്ങളുണ്ടാക്കി മരിയദാസ് കൈയ്യടക്കിയെന്ന് കാട്ടിയാണ് ബിനു പാപ്പച്ചന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ 15 പട്ടയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇത്തരം പട്ടയങ്ങള്‍ റദ്ദ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതില്‍ മരിയദാസിന്റെ ഭാര്യ ശാന്തയുടെ പേരിലുള്ള പട്ടയം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ബിനുപാപ്പച്ചനുവേണ്ടി അഡ്വ.ഷിബി അമ്മുപിള്ളി, അഡ്വ. വി ബി ബിനു, അബ്രഹാം, വിജയകുമാര്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button