റാസ് അല്‍ ഖൈമ: കടലിന് അസാധാരണമാംവിധം ചുവപ്പ് അനുഭവപ്പെട്ടതോടെ അമ്പരന്ന് ഇരിക്കുകയാണ് റാസ് അല്‍ ഖൈമയിലെ ജനങ്ങള്‍. തീരത്തുനിന്നും എട്ടുമുതല്‍ 12 മൈല്‍ അകലത്തില്‍ വരെ കടലിന് ചുവപ്പ് നിറം ബാധിച്ചിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ കടലിന് സംഭവിച്ച നിറം മാറ്റം സമുദ്രത്തിലെ ജീവികളെ പ്രതികൂലമായി ബാധിക്കില്ലെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു. ഇത്തരത്തിലുള്ള പ്രതിഭാസം വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും കാണാറുണ്ടെന്നും ഇത് പരിസ്ഥിതിയെ ദോഷമായി ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ആല്‍ഗ ബ്ലൂംസ് എന്നറിയപ്പെടുന്ന ചുവന്ന വേലിയേറ്റം 2008 ല്‍ യുഎഇയിലെ പ്രാദേശിക ജലാശയങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് നീന്തുകയോ മത്സബന്ധനം നടത്തുകയോ ചത്ത മത്സ്യങ്ങള്‍ ശേഖരിക്കുകയോ ചെയ്യരുതെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം രാജ്യത്തെ പ്രാദേശിക ജലാശയങ്ങളിലെ വെള്ളത്തില്‍ ചുവപ്പ് നിറം കാണാം. യുഎഇ കോസ്റ്റ് ഗാര്‍ഡുകള്‍ അയച്ച വിവരങ്ങളിലും ഇതേ പ്രദേശങ്ങളില്‍ ചുവപ്പ് നിറം കാണാനുണ്ട്. അറേബ്യന്‍ ഗള്‍ഫിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചുവന്ന വേലിയേറ്റം കണ്ടെത്തിയതിന് പിന്നില്‍ ഒരുതരം ബാക്ടീരിയയാണെന്ന് ആര്‍എക് പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ ഗൈസ് പറഞ്ഞു. ഇവ സാധാരണയായി എല്ലാ വര്‍ഷവും ഏകദേശം ഒരു സമയത്താണ് ഉണ്ടാകുന്നതെന്നും ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് ചുവപ്പ് നിറം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആല്‍ഗകള്‍ ഉണ്ടാകുന്നത് വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് സമുദ്ര പരിസ്ഥിതിയെ വളരെയധികം ബാധിക്കുകയും ചെയ്യുന്നു. ചിലതരം ആല്‍ഗകള്‍ അപകടകരമായ വിഷവസ്തുക്കളെ ഉല്‍പാദിപ്പിക്കാറുണ്ട്. ആല്‍ഗകള്‍ മൂലം സമുദ്രത്തിലുണ്ടാകുന്ന അമിത അളവിലെ പോഷകാംശങ്ങള്‍ സൂര്യപ്രകാശവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.
2008 സെപ്റ്റംബറിന്റെ തുടക്കത്തിലാണ് ആര്‍എകെയില്‍ ചുവന്ന വേലിയേറ്റം പ്രത്യക്ഷപ്പെട്ടത്. പിന്നാട് രാജ്യത്തെ മിക്ക തീരങ്ങളിലും അല്‍ ക്വെയ്ന്‍, അജ്മാന്‍, ഷാര്‍ജ, ദുബായിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കും ഇത് ബാധിച്ചു. 2009 ഫെബ്രുവരിയില്‍ ഇത് വീണ്ടും പ്രത്യക്ഷപ്പെടുകയും രാജ്യത്തെ ജലാശയങ്ങളില്‍ വ്യാപിക്കുകയും ചെയ്തു. ഇത് വലിയ അളവില്‍ മത്സ്യങ്ങളുടെയും സമുദ്രജീവികളുടെയും നാശത്തിന് ഇടയാക്കിയിരുന്നു.
Post Your Comments