KeralaLatest NewsNews

വിളിച്ചന്വേഷിയ്ക്കുമ്പോള്‍ അപ്പാര്‍ട്ടുമെന്റുകളില്‍ ഒഴിവില്ലെന്ന് മറുപടി : മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയുന്നവര്‍ എങ്ങോട്ടുപോകുമെന്നറിയാതെ ആശങ്കയില്‍

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ 510 ഫ്‌ളാറ്റുകളുടെ ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ഒഴിവില്ല. ഇതോടെ മരട് ഫ്‌ളാറ്റ് ഒഴിഞ്ഞുപോകുന്നവര്‍ എങ്ങോട്ടുപോകുമെന്നറിയാതെ ആശങ്കയിലാണ്. മരടിലെ ഫ്‌ലാറ്റുകളില്‍ നിന്ന് ഒഴിയുന്നവര്‍ക്കു താമസ സ്ഥലം കണ്ടെത്തുന്നതു കീറാമുട്ടിയാകുന്നു. ജില്ലാ അധികൃതര്‍ തയാറാക്കിയ പട്ടികയിലെ ഭൂരിഭാഗം ഫ്‌ളാറ്റുകളും മരടില്‍നിന്ന് ഒഴിയുന്നവരെ താമസിപ്പിക്കാന്‍ തയാറായിട്ടില്ല. പട്ടികയിലെ ഫ്‌ളാറ്റ് ഉടമകളുമായി ബന്ധപ്പെടുമ്പോള്‍ അപ്പാര്‍ട്‌മെന്റുകള്‍ വാടകയ്ക്കു നല്‍കാനില്ലെന്ന പ്രതികരണമാണു ലഭിച്ചതെന്ന് മരട് ഭവന സംരക്ഷണ സമിതി പ്രസിഡന്റ് ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു.

ശരിയായ അന്വേഷണം നടത്താതെയാണു ജില്ലാ ഭരണകൂടം പട്ടിക തയാറാക്കിയിട്ടുള്ളത്. സൗകര്യങ്ങളുണ്ടോയെന്നു നോക്കാനായി നേരിട്ടു ഫ്‌ലാറ്റ് കാണാന്‍ ചെന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോടു മോശമായാണു പലരും പെരുമാറിയതെന്നും ഫ്‌ലാറ്റ് ഉടമകള്‍ പറയുന്നു. അപ്പാര്‍ട്‌മെന്റുകള്‍ നല്‍കാന്‍ തയാറുള്ളവര്‍ വലിയ തുകയാണു വാടകയായി ചോദിക്കുന്നത്. ഫ്‌ളാറ്റ് ഒഴിയുന്നവര്‍ക്കു പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പരിഹാരം കണ്ടെത്തുമെന്നും ഫ്‌ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. പുനരധിവാസം ആവശ്യമുളളവരുടെ വിവരങ്ങള്‍ ലഭ്യമായാല്‍ താലൂക്ക് ഉദ്യോഗസ്ഥര്‍ തന്നെ അപ്പാര്‍ട്‌മെന്റ് ഉടമകളുമായി നേരിട്ടു സംസാരിച്ചു താമസ സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് വാടകയ്ക്ക് അപ്പാര്‍ട്‌മെന്റുകള്‍ ലഭ്യമായ ഫ്‌ലാറ്റുകളുടെ പട്ടിക ജില്ലാ ഭരണകൂടം കൈമാറിയത്. എന്നാല്‍, അപ്പാര്‍ട്‌മെന്റ് ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷമല്ല ഈ പട്ടിക തയാറാക്കിയത്. വാടകയ്ക്കു നല്‍കാന്‍ സന്നദ്ധമാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ അധികൃതര്‍ ആരാഞ്ഞിരുന്നില്ല. ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവ പോലും ജില്ലാ ഭരണകൂടം തയാറാക്കിയ വാടകയ്ക്കു താമസിക്കാനുള്ള ഫ്‌ലാറ്റുകളുടെ പട്ടികയിലുണ്ടെന്ന് ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button