കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ എംഎല്‍എയും ബിധാന്‍നഗര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറുമായിരുന്ന പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സബ്യസാചി ദത്ത ബിജെപിയിലേക്ക്. നാളെ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊല്‍ക്കത്തയില്‍ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന യോഗത്തില്‍ വച്ചായിരിക്കും സബ്യസാചി ദത്ത ബിജെപി അംഗത്വം നേടുക.
ഈ അടുത്ത കാലത്താണ് അദ്ദേഹം ബിധാന്‍നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം രാജിവച്ചത്. രണ്ട് തവണ രാജര്‍ഹട് ന്യൂട്ടണ്‍ മണ്ഡലത്തില്‍ നിന്നും അദ്ദേഹം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളെ തുടര്‍ന്ന് ദത്തയോട് രാജിവയ്ക്കാന്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം രാജിക്ക് തയ്യാറായിരുന്നില്ല. പിന്നീട് ജൂലൈയില്‍ കോര്‍പ്പറേഷനിലെ ഭൂരിപക്ഷം തൃണമൂല്‍ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ഇദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. ഇത് പാസായതോടെ അദ്ദേഹം കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും തൊട്ടുപിന്നാലെ മേയര്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘായുസിന് വേണ്ടി നടത്തിയ പ്രാര്‍ത്ഥനയില്‍ സബ്യസാചി പങ്കെടുത്തിരുന്നു. അന്ന് മുതല്‍ സബ്യസാചിയുടെ ബിജെപി പ്രവേശനം പ്രതീക്ഷിച്ചിരുന്നു. മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ നടത്തിയ കരുനീക്കമാണ് സബ്യസാചി ദത്ത ബിജെപിയില്‍ ചേരാന്‍ കാരണം.
Post Your Comments