വീട്ടില്‍ വൃത്തിയാക്കാന്‍ ഏറെ ബുദ്ധിമുട്ടേറിയ സ്ഥലമാണ് അടുക്കള. പൊടി, വെള്ളം, മെഴുക്ക് തുടങ്ങി അടുക്കളയില്‍ ഇല്ലാത്തതായി ഒന്നുമുണ്ടാകില്ല. ഏറ്റവും അധികം സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും അടുക്കള തന്നെയായതിനാല്‍ വേഗം വൃത്തിഹീനമാകാനുള്ള സാധ്യതയും ഏറെയാണ്. എന്നാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ അടുക്കള എളുപ്പത്തില്‍ വൃത്തിയാക്കാം.
അടുക്കള വൃത്തിക്കുമ്പോള്‍ ഏറ്റവും നല്ലത് വിനാഗിരിയാണ്. അടുക്കളയിലെ തറ അര ടീസ്പൂണ്‍ വിനാഗിരി ചേര്‍ത്ത വെളളം കൊണ്ട് തുടയ്ക്കാവുന്നതാണ്. സോപ്പിനൊപ്പം ബേക്കിങ് സോഡ ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകിയാല്‍ നല്ല നിറം ലഭിക്കും. കിച്ചണ്‍ സിങ്കുകള്‍ കഴുകുന്നതിന് അര മണിക്കൂര്‍ മുന്‍പേ സിങ്കില്‍ ബേക്കിങ് സോഡ ഇട്ട് വയ്ക്കുന്നത് വൃത്തിയും തിളക്കവും വര്‍ദ്ധിക്കാന്‍ സഹായിക്കും. പാത്രം കഴുകാനുപയോഗിക്കുന്ന സ്‌ക്രബറുകള്‍ എപ്പോഴും ഉണക്കി സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇതില്‍ നനവുണ്ടാകുന്നത് അണുക്കള്‍ പെരുകാന്‍ ഇടയാക്കും.
കിച്ചണ്‍ സ്ലാബുകള്‍, പാത്രങ്ങള്‍ എന്നിവ നന്നായി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. നാരങ്ങാനീരം ബേക്കിങ്ങ് സോഡയും ചേര്‍ത്തുള്ള മിശ്രിതം കിച്ചണ്‍ സ്ലാബില്‍ സ്പ്രേ ചെയ്യുക. അല്‍പ സമയത്തിന് ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് വൃത്തിയായി തുടയ്ക്കുക. സ്ലാബുകള്‍ വെട്ടിത്തിളങ്ങും. ഗ്യാസ് സ്റ്റൗ, മൈക്രോവേവ്, റഫ്രിജറേറ്റര്‍ എന്നിവ വൃത്തിയായി സൂക്ഷിക്കണം. ആഴ്ച്ചയിലൊരിക്കല്‍ ഫ്രിഡ്ജ് ഡീ ഫ്രോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. ഒരു സ്പൂണ്‍ ബേക്കിങ് സോഡ ഒരു ലിറ്റര്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഈ ലായനി ഉപയോഗിച്ച് റഫ്രിജറേറ്റര്‍ വൃത്തിയാക്കാം.
അടുക്കളയില്‍ ഏറ്റവും അധികം അഴുക്ക് കുമിഞ്ഞുകൂടുന്ന ഇടമാണ് സ്റ്റൗ. സ്റ്റൗ ദിവസേന വൃത്തിയാക്കിയില്ലെങ്കില്‍ വീട്ടില്‍ ദുര്‍ഗന്ധം വ്യാപിക്കാന്‍ കാരണമാകും. ഓരോ പ്രാവശ്യവും പാചകത്തിനുശേഷം സ്റ്റൗ വൃത്തിയാക്കുക. സ്റ്റൗ വൃത്തിയാക്കാനും നാരങ്ങയും ബേക്കിങ്ങ് സോഡയും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മൈക്രോവേവിലും ധാരാളം അഴുക്ക് അടിഞ്ഞുകൂടാന്‍ വളരെ അധികം സാധ്യതയുണ്ട്. ഓരോ പ്രാവശ്യം ഉപയോഗിച്ച ശേഷവും മൈക്രോവേവ് വൃത്തിയാക്കുക.
Post Your Comments