ഡമാസ്‌കസ് : ഐ.എസ് വലയത്തില്‍പ്പെട്ട് ആശയങ്ങളില്‍ ആകൃഷ്ടരായി ഐ.എസിലേയ്ക്ക് ചേക്കേറിയ പെണ്‍കുട്ടികളില്‍ പലര്‍ക്കും സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുവരണമെന്നുണ്ട്. പക്ഷേ ഇവരെ തിരിച്ചു ചെല്ലരുതെന്നാണ് അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ തീരുമാനം. ഇവരെ വീട്ടുകാര്‍ക്കും വേണ്ട എന്ന നിലയിലാണ്. ഇതോടെ ഐഎസ് വധുക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം തുറന്നുപറയുകയാണ്.
‘ഛേദിക്കപ്പെട്ട ശിരസുകള്‍ ചവറുവീപ്പകളിലും മറ്റും കിടക്കുന്നതുപോലും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും എന്നെ അസ്വസ്ഥയാക്കിയിട്ടില്ല’ പറഞ്ഞ ഐഎസ് വധു ഷമീമ ബീഗത്തിന് ഇപ്പോള്‍ എല്ലാം അവസാനിപ്പിച്ച് ജന്മനാട്ടിലേയ്ക്ക് തിരിച്ചെത്തണമെന്നുണ്ട്. എങ്ങനെയെങ്കിലും ജന്‍മനാട്ടില്‍ തിരിച്ചെത്താനുള്ള അവസാന ശ്രമത്തിലാണ് അവര്‍.
തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കാന്‍ ഒരിക്കലും തയാറാകാതിരുന്ന ഷമീമ, താന്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നു തുറന്നു സമ്മതിക്കുകയാണ്. ‘അതിഭീകരമാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ. ഉറ്റവരോ ഉടയവരോ കൂടെയില്ല. എനിക്കൊപ്പം ഐഎസില്‍ ചേരാന്‍ പുറപ്പെട്ട കൂട്ടുകാരികളെല്ലാം അതിദാരുണമായി കൊല്ലപ്പെട്ടു. സിറിയയിലെ അഭയാര്‍ഥി ക്യാംപിനേക്കാള്‍ ഏത്രയോ ഭേദമാണ് യുകെയിലെ ജയില്‍. ചെയ്ത കുറ്റത്തിനു വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാന്‍ ഞാന്‍ തയാറാണ്, അഭയം നല്‍കണമെന്നു മാത്രമാണ് അപേക്ഷ’. ഒരു രാജ്യാന്തര മാധ്യമത്തോടാണ് ഷമീമയുടെ പുതിയ വെളിപ്പെടുത്തല്‍.
ചന്തകളില്‍ ലേലത്തിനു വച്ച പെണ്‍ശരീരം മാത്രമായിരുന്ന ഐഎസ് വധുക്കളെക്കുറിച്ച് ലോകം കൂടുതല്‍ അറിഞ്ഞത് ഐഎസ് ഭീകരര്‍ പിടികൂടി ലൈംഗിക അടിമയാക്കിയ നാദിയ മുറാദ് എന്ന യസീദി സ്ത്രീയിലൂടെയാണ്. വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബൊക്കൊ ഹറാം തീവ്രവാദികളുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ തന്നെയാണ് ഐഎസ് വധുക്കളുടെ കാര്യത്തിലുമെന്നു നാദിയയുടെ ജീവിതം ലോകത്തോടു വിളിച്ചു പറഞ്ഞു.
ഐഎസ് താവളങ്ങളില്‍നിന്നു രക്ഷപ്പെട്ട് എത്തുന്ന പെണ്‍കുട്ടികളുടെ പുനരധിവാസത്തിനു വേണ്ടി പോരാടിയ നാദിയ മുറാദിന് ലോകം നൊബേല്‍ സമ്മാനം നല്‍കിയാണ് ആദരിച്ചത്. നാദിയ മുറാദ്, ഷമീമ ബീഗം, യുഎസില്‍ നിന്ന് ഐഎസില്‍ എത്തിയ ഹുഡ മുത്താന എന്നിവരുടെ ജീവിതം ഐഎസ് ക്യാംപുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കൊടുംക്രൂരതകളാണ് വെളിപ്പെടുത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐഎസ് താവളങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെ കുറിച്ച് ലോകം അറിഞ്ഞത് നാദിയ മുറാദിന്റെ വാക്കുകളിലൂടെയാണ്.ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി സംഘടനയില്‍ ചേരുന്നവര്‍ ഐഎസ് വധുക്കള്‍ എന്നാണ് അറിയപ്പെടുക. ഭീകരരുടെ വധുവാകുന്നതോടെ ഏതു സമയത്തും ലൈംഗികമായി ഉപയോഗിക്കാവുന്ന കളിപ്പാവകളാകും ഇവര്‍. മിക്കപ്പോഴും രണ്ടോ മൂന്നോ പേരായിരിക്കും ഇവരെ ലൈംഗികമായി ഉപയോഗിക്കുകയെന്നും നാദിയ പറയുന്നു.
ഭീകരര്‍ കൂട്ടത്തോടെ ലൈംഗിക ദാഹം തീര്‍ക്കുന്ന നൂറുകണക്കിന് അടിമപെണ്‍കുട്ടികളാണ് രണ്ടാമത്തെ വിഭാഗം. പല താവളങ്ങളിലും ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയയായതിനു ശേഷമാകും ഐഎസ് വധുക്കള്‍ എന്നറിയപ്പെടുന്ന പെണ്‍കുട്ടികളെ ഭീകരിലൊരാള്‍ സാധാരണ വിവാഹം ചെയ്യുക. അമേരിക്ക വിട്ട് സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്ന ഹുഡ മുത്താന എന്ന ഇരുപത്തിനാലുകാരിയെ മൂന്ന് ഐഎസ് ഭീകരരാണ് വിവാഹം ചെയ്തത്.
Post Your Comments