മധുര: വിവാഹം മുടങ്ങിയ ദേഷ്യത്തില്‍ ഒരു നാടിനെത്തന്നെ വിറപ്പിച്ച് യുവാവ്. കാറിന് തീയിട്ടും ആകാശത്തേക്ക് നിറയൊഴിച്ചുമാണ് യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഏറെ നാടകീയമായ സംഭവങ്ങള്‍ക്ക് മധുര സാക്ഷിയായത്. മധുരയിലെ പോലീസ് സ്റ്റേഷന് സമീപം സ്വന്തം കാറിന് തീയിട്ടും ആകാശത്തേക്ക് വെടിവെച്ചും യുവാവും യുവതിയും പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
ശുഭം ചൗധരി, അഞ്ജുള ശര്‍മ എന്നിവരാണ് മധുര നഗരത്തെ ഏറെ നേരം പരിഭ്രാന്തിയിലാക്കിയത്്. ഈ വര്‍ഷമാദ്യം മറ്റൊരു പെണ്‍കുട്ടിയുമായി ചൗധരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അഞ്ജുളയുമായുള്ള ബന്ധം അറിഞ്ഞതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും വിവാഹം വേണ്ടെന്നുവെച്ചു. വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമാണ് അഞ്ജുള. അഞ്ജുളയുടെ ഭര്‍ത്താവാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പെണ്‍കുട്ടിയെ അറിയിച്ചത്. വിവാഹം മുടങ്ങിയതില്‍ പിന്നെ ശുഭം ചൗധരി കടുത്ത നിരാശയിലായിരുന്നു.
മാധ്യമങ്ങളെ വിവരമറിയിച്ച ശേഷമാണ് ഇരുവരും സ്ഥലത്തെത്തിയത്. അഞ്ജുളയുടെ മൂന്ന് മക്കളും ഒപ്പമുണ്ടായിരുന്നു. എല്ലാവരും നോക്കിനില്‍ക്കെ ചൗധരി സ്വന്തം കാറിന് തീ കൊളുത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിക്കൊണ്ടായിരുന്നു ഇയാള്‍ കാറിന് തീയിട്ടത്. പിന്നീട് ആകാശത്തേക്ക് വെടിയുതിര്‍ത്തു. തോക്കില്‍ ഉണ്ട നിറച്ച് നല്‍കിയിരുന്നത് അഞ്ജുളയായിരുന്നു.
രംഗം വഷളായതോടെ സമീപത്തുണ്ടായിരുന്ന ചില അഭിഭാഷകരെത്തിയാണ് ചൗധരിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പിന്തിരിപ്പിച്ചത്. ചൗധരിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് സംശയം പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
Post Your Comments