![Narendra Modhi](/wp-content/uploads/2019/09/Narendra-Modhi-6.jpg)
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടക്കുന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി വിദേശ നിക്ഷേപകരോട് ഇന്ത്യയിലേക്ക് കടന്ന് വരാന്‍ ആഹ്വാനം ചെയ്‌തു. തന്റെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യ നേടിയ നേട്ടങ്ങളും പുരോഗതികളും ഫോറത്തില്‍ മോദി വ്യക്തമാക്കി. “നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്‌നങ്ങളും പൊരുത്തപ്പെടും. നിങ്ങളുടെ സാങ്കേതിക വിദ്യയും ഞങ്ങളുടെ പ്രാഗത്ഭ്യവും ലോകത്തെ തന്നെ മാറ്റി മറിക്കും. നിങ്ങളുടെ ആവരണവും ഞങ്ങളുടെ നൈപുണ്യവും ആഗോള സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കും. വിസ്താരമുള്ള ഒരു വിപണിയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് കടന്ന് വരണം”. മോദി പറഞ്ഞു.
ഏറ്റവും പുതിയ ട്രെന്‍ഡുകളും സവിശേഷതകളും വിലമതിക്കപ്പെടുന്ന വിപണയില്‍ നിക്ഷേപിക്കാനാണ് ആഗ്രിഹിക്കുന്നതെങ്കില്‍ ഇന്ത്യയിലേക്ക് വരണം. ലോകത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യത്തോടെയുള്ള ദേശത്ത് നിക്ഷേപിക്കാനാണ് നിങ്ങള്‍ ഒരുങ്ങുന്നതെങ്കില്‍ ഇന്ത്യയിലേക്ക് വരണം. ഞങ്ങള്‍ അതിവേഗത്തിലാണ് ഞങ്ങളുടെ നഗരങ്ങളെ നവീകരിച്ച്‌ക്കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ചും പൗരസൗഹാര്‍ദ്ദത്തോടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിയുമാണ് നഗരങ്ങളെ നവീകരിക്കുന്നത് മോദി പറഞ്ഞു.
നിക്ഷേപകര്‍ക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. അവിടേക്ക് നിങ്ങള്‍ക്ക് കടന്ന് വരാം. ഏതെങ്കിലും തരത്തിലുള്ള കുറവുകളും അകലങ്ങളും ഉണ്ടെങ്കില്‍ താന്‍ ഒരു പാലമായി വര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments