പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യത്തെ മണിക്കൂറില്‍ 7.17 % പോളിങ്ങ് രേഖപ്പെടുത്തി. രാലിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ബൂത്തുകള്‍ക്ക് മുന്നില്‍ രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. മലയോര മേഖലകളില്‍ തിരക്കില്ല, പട്ടണങ്ങളിലെ ബൂത്തുകളില്‍ നല്ല പോളിങ് ആണ് നടക്കുന്നത്.
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്‌നിക്ക് കോളേജിലെ 119-ാം ബൂത്തില്‍ ആദ്യ വോട്ടറായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ആലീസ്, മക്കളായ ടീന, ദീപ എന്നിവരും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവ.എല്‍.പി. സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.പാലായില്‍ നൂറുശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയും പ്രതികരിച്ചു.
ALSO READ: റീത്തുമായി വന്ന വിദ്യാര്‍ത്ഥിയ്ക്ക് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം
അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ പറഞ്ഞു. ജോസ് ടോം വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മാണി സാറിന്റെ പിന്‍ഗാമിയാണ് ജോസ് ടോം എന്നും അവര്‍ പറഞ്ഞു. പാലാ സെന്റ് തോമസ് സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുട്ടിയമ്മ.
Post Your Comments