
കൊല്ലം : റീത്തുമായി ബൈക്കില്‍ വന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സജീഷ് ഭവനില്‍ സജീഷ്‌കുമാറിന്റെ മകന്‍ യദുകൃഷ്ണന്‍ (17) ആണ് മരിച്ചത്. മരണവീട്ടിലേയ്ക്ക് റീത്തുമായി വരുമ്പോഴായിരുന്നു അപകടം . കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ യദുകൃഷ്ണന്‍, ഒഴിവ് സമയത്ത് പൂക്കടയില്‍ സഹായിയായും ജോലിചെയ്ത് വരികയായിരുന്നു. ബൈക്കില്‍ യദുകൃഷ്ണന് ഒപ്പമുണ്ടായിരുന്ന പതിമൂന്നുവയസ്സുകാരനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 11.30ന് ശിവഗിരി പാങ്ങോട് സംസ്ഥാന പാതയില്‍ കരീപ്ര നടമേല്‍ ജങ്ഷന് സമീപത്താണ് അപകടം. മുന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ഇടറോഡിലേക്ക് തിരിയുന്നതുകണ്ട് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണംവിട്ട് സ്‌കൂട്ടറിലും തുടര്‍ന്ന് വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നു. വൈദ്യുത തൂണില്‍ തലയിടിച്ച് പരിക്കേറ്റ യദുകൃഷ്ണനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് മൂന്നുമണിയോടെ മരിച്ചു.
പൂക്കട ഉടമയായ ഇടയ്ക്കിടം ഗുരുനാഥന്‍മുകള്‍ സിജു ഭവനില്‍ സിജുവിന്റെ മകന്‍ അജസാണ് ഒപ്പമുണ്ടായിരുന്നത്. അജസിന്റെ ഇടതുകൈയ്ക്കും മുഖത്തുമാണ് പരിക്ക്.
Post Your Comments