
ഹൈദരാബാദ്: മുന്‍ മുഖ്യമന്ത്രിയുടെ വസതി ഒരാഴ്ചയ്ക്കകം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ്. ടി.ഡി.പി നേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു താമസിക്കുന്ന സ്വകാര്യ വസതിയാണ് ഏഴു ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വീണ്ടും നോട്ടീസ് നല്‍കിയത്. ചന്ദ്രബാബു നായിഡു നിലവില്‍ താമസിക്കുന്ന അമരാവതിയിലെ കൃഷ്ണനദിക്കരയിലെ വസതിക്ക് മുന്നിലാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് കാപിറ്റല്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിട്ടി (എ.പി.സി.ആര്‍.ഡി.എ) വീണ്ടും നോട്ടീസ് പതിപ്പിച്ചത്.
എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനി രമേശില്‍നിന്നും ലീസിനെടുത്ത വസതിയിലാണ് ചന്ദ്രബാബു നായിഡുവും കുടുംബവും നിലവില്‍ താമസിക്കുന്നത്. കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് കാണിച്ച് നേരത്തേയും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആ നോട്ടീസിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് വീണ്ടും നോട്ടീസ് അയച്ചത്. ഏഴുദിവസത്തിനകം ഉടമ സ്വമേധയാ പൊളിച്ചുനീക്കിയില്ലെങ്കില്‍ അതോറിട്ടി നേരിട്ട് കെട്ടിടം പൊളിക്കുമെന്നും നോട്ടീസില്‍ പറയുന്നു. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം അടുത്തിടെ പൊളിച്ചുനീക്കിയിരുന്നു. ചന്ദ്രബാബുവിന്റെ വസതിയോട് ചേര്‍ന്ന് പണിത പ്രജാവേദികയുടെ നിര്‍മാണം അനധികൃതമാണെന്നും നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി.
Post Your Comments