വിജയവാഡ: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ട്രെയിനിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു മധുര നഗർ റെയിൽവേ പാലത്തിലൂടെ നടന്ന് പ്രളയക്കെടുതി വിലയിരുത്തുന്നതിനിടെ അപ്രതീക്ഷിതമായി ട്രെയിൻ കുതിച്ചെത്തുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായാണ് ചന്ദ്രബാബു നായിഡു പ്രദേശത്ത് എത്തിയത്. നായിഡു പാളത്തിലൂടെ നടക്കുമ്പോൾ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരുകയായിരുന്നു. റെയിൽ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തിൽ കാൽനടയാത്രയ്ക്ക് ഇടമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കി. വലിയ അപകടമാണ് ഒഴിവായത്. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു ട്രെയിൻ കടന്നുപോയത്.
ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്തു. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ദുരന്തഭൂമിയിൽ ചന്ദ്രബാബു നായിഡുവും പര്യടനം നടത്തുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകൾ ഉൾപ്പെടെ അവഗണിച്ച് വെള്ളക്കെട്ടിലൂടെ സഞ്ചരിച്ചും എൻഡിആർഎഫ് ബോട്ടുകളിൽ രക്ഷാപ്രവർത്തകർക്കൊപ്പവും അദ്ദേഹവും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അതിനിടയിലാണ് സംഭവം.
Post Your Comments