പൂനെ: നാല് ആനക്കൊമ്പുകളുമായി 50 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെ പോലീസിന്റെ ക്രൈംബ്രാഞ്ച് യൂണിറ്റ് ആണ് 80 ലക്ഷം രൂപ വിലവരുന്ന ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. തലങ്കാന സ്വദേശിയായ ഭീമ ബൊഗ്രിയ മുദാവത്ത് (50) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചുവെന്നും ക്രൈംബ്രാഞ്ച് യൂണിറ്റ് അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലാല്‍ കേസില്‍ പ്രതിയാകില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന വനം വകുപ്പ് ചുവടുമാറുകയായിരുന്നു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
READ ALSO: ആനക്കൊമ്പുകള്‍ കണ്ടെത്തി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കേസ് രജിസ്റ്റര്‍ ചെയ്ത് 7 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ വനം വകുപ്പ് പ്രതി ചേര്‍ക്കുന്നത്. ഇതിനു മുന്‍പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം വകുപ്പു മന്ത്രിയായിരുന്ന കാലത്ത് ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ ലാലിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നല്‍കി. ഇതിനെ ചോദ്യം ചെയ്ത് കൊച്ചി സ്വദേശി നല്‍കിയ ഹര്‍ജി പരിഗണനയിലാണ്. 2012-ല്‍ ചാര്‍ജ് ചെയ്ത കേസ് തീരാതെ നീണ്ടുപോകുന്നതില്‍ ഹൈക്കോടതി നീരസം പ്രകടിപ്പിച്ചിരുന്നു. കാലതാമസമെന്തുകൊണ്ടാണെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
Post Your Comments