Latest NewsKeralaIndia

തുടര്‍ച്ചയായി സംഭവിച്ച രണ്ടു പ്രളയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നട്ടെല്ലുകൂടി ഓടിച്ചു, പിരിവിനു ചെല്ലാൻ വഴിയില്ല, മുണ്ടു മുറുക്കിയുടക്കാന്‍ നേതാക്കളൊരുങ്ങുന്നു, കൂടുതൽ ബാധിച്ചത് സിപിഎമ്മിനെ

പാര്‍ട്ടിക്കായി നടത്തിയ കൊലപാതക കേസുകളുടെ നടത്തിപ്പ് വന്‍ സാമ്പത്തിക ബാധ്യതയാണ് കേസുകള്‍ സി.പി.എമ്മിന് വരുത്തി വച്ചത്.

കണ്ണൂര്‍: രാഷ്ട്രീയ പാർട്ടികളെയും സാമ്പത്തിക മാന്ദ്യം ബാധിച്ചിരിക്കുന്നതായി റിപ്പോർട്ട്.അരയും തലയും മുറുക്കി ജീവിച്ചില്ലെങ്കില്‍ പണി പാളുമെന്നാണ് നേതാക്കള്‍ രഹസ്യമായി പറയുന്നത്. തുടര്‍ച്ചയായി സംഭവിച്ച രണ്ടു പ്രളയങ്ങള്‍ കര്‍ഷകരുടെതുമാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ നട്ടെല്ലുകൂടിയാണ് ഒടിച്ചത്. ക്വാറികള്‍ ഭൂരിഭാഗവും അടച്ചു പൂട്ടിയതിനാല്‍ ഇനി വന്‍ തുക സംഭാവനയ്ക്കായി ഇങ്ങോട്ടു വരേണ്ടന്ന നിലപാടിലാണിവര്‍.പ്രാദേശിക തലങ്ങളില്‍ തുടങ്ങി ജില്ലാതലങ്ങളില്‍ വരെ നടക്കുന്ന പരിപാടികള്‍ക്ക് മോടി കുറക്കണമെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.

പ്രാദേശിക തലങ്ങളില്‍ മൈക് സെറ്റ് വാടക പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ചില പാര്‍ട്ടികള്‍ക്കുള്ളത്.മാന്ദ്യം കൊണ്ടു കഷ്ടപ്പെടുന്ന ജനങ്ങളോട് പിരിവിന് സമീപിക്കാന്‍ കഴിയാത്തതുകൊണ്ടു വേറെ പിടിച്ചു നില്‍ക്കാന്‍ വഴിയൊന്നുമില്ല.നാമമാത്രമായി പ്രവര്‍ത്തിക്കുന്നബാറുടമകളും ഇപ്പോള്‍ നേതാക്കളുമായി സഹകരിക്കുന്നില്ല. നഗരങ്ങളിലെ വന്‍കിട സ്ഥാപനങ്ങളെല്ലാം മാന്ദ്യത്തിന്റെ പിടിയിലാണ്. സ്വര്‍ണത്തിന്റെ വില കുത്തനെ കൂടിയതിനാല്‍ വാങ്ങാനല്ല. വില്‍ക്കാനാണ് ജ്യല്ലറികളില്‍ തിരക്ക്. നേരത്തെ നടത്തിയ പൊതുപരിപാടികളില്‍ നിന്നും അന്‍പതു ശതമാനം കുറവാണ് പാര്‍ട്ടികള്‍ക്കു സംഭവിച്ചത്.

സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ സി.പി.എമ്മിനെ യാണ് മാന്ദ്യം ഏറ്റവും വലിയ തോതില്‍ പിടികൂടിയത്.കഴിഞ്ഞ പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ 22 കോടി ബക്കറ്റിലൂടെ പിരിച്ച്‌ കരുത്തു തെളിയിച്ചുവെങ്കിലും തുടര്‍ച്ചയായി വന്ന രണ്ടു പ്രളയങ്ങള്‍ പാര്‍ട്ടിയുടെ തുടര്‍പിരിവിനുള്ള സാധ്യത തന്നെ അടച്ചിരിക്കുകയാണ്.പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന ലെവിയും പ്രവര്‍ത്തന ഫണ്ടുമാണ് സി.പി.എമ്മിന്റെ ഔദ്യോഗിക വരുമാനം.ബ്രാഞ്ചു മുതല്‍ കേന്ദ്ര കമ്മിറ്റി വരെ ഇതിന്റെ വീതം പറ്റുന്നവരാണ്.എന്നാല്‍ ഇതിന്റെ ഭൂരിഭാഗവും ഉപരി കമ്മിറ്റി കളുടെ ദൈനംദിന ചിലവിലേക്കാണ് പോകുന്നത്.

നേതാക്കള്‍ ഇന്നോവയില്‍ നടക്കുമ്പോൾ ബ്രാഞ്ചു – ലോക്കല്‍ സെക്രട്ടറിമാര്‍ കടം കയറി മുടിയുകയാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ലഭിക്കുന്ന വിവരം.ഭരണത്തിന്റെ ശീതളച്ഛായയിലാണ് ഇപ്പോള്‍ നേതാക്കളുടെ പളപളപ്പ്. എന്നാല്‍ അതു തീരാന്‍ ഇനി ഒന്നര വര്‍ഷം മാത്രമേയുള്ളൂ. തുടര്‍ച്ചയുണ്ടാകുമെന്ന ഉറപ്പുമില്ല.കേരളത്തില്‍ നിന്നു ലഭിക്കുന്ന പിരിവ്പണം കൊണ്ടാണ് കേന്ദ്ര നേതാക്കള്‍ കഞ്ഞി കുടിക്കുന്നത്.നേരത്തെ ഒരു കൈ സഹായത്തിന് ‘ബംഗാളും ത്രിപുരയുമുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സി.പി.എമ്മിനെ സംബന്ധിച്ചിടുത്തോളം അക്ഷരാര്‍ഥത്തില്‍ ഇരുട്ടടിയാണ് സമ്മാനിച്ചത്.

എം.പിമാര്‍ മുഴുവന്‍ ഒലിച്ചുപോയതോടെ അവരില്‍ നിന്നുള്ള ഗണ്യമായ വരുമാനവും നിലച്ചു. ഇപ്പോള്‍ മുന്‍ എം.എല്‍.എമാരും എംപിമാരും നല്‍കുന്ന പെന്‍ഷന്‍ തുകയിലെ ഒരു വിഹിതമാണ് ആശ്രയം.പാര്‍ട്ടി ലെവി വര്‍ധിപ്പിച്ചതു കാരണം സംസ്ഥാന സര്‍വിസ് ജീവനക്കാര്‍പാര്‍ട്ടിയില്‍ നിന്നും സ്വയം കൊഴിയുന്ന സാഹചര്യമുണ്ട്. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക്5000 രൂപ മാത്രം ശമ്പളം കൊടുക്കുന്നതിനാല്‍ ലോക്കല്‍ തലങ്ങളില്‍ പോലും സെന്ററുകളില്‍ പ്രവര്‍ത്തിക്കാന്‍ ആളുകളെ കിട്ടാത്ത അവസ്ഥയാണ്. ഇതിനു പുറമേയാണ് പാര്‍ട്ടിക്കായി നടത്തിയ കൊലപാതക കേസുകളുടെ നടത്തിപ്പ് വന്‍ സാമ്പത്തിക ബാധ്യതയാണ് കേസുകള്‍ സി.പി.എമ്മിന് വരുത്തി വച്ചത്.

അരിയില്‍ ശുക്കൂര്‍.മനോജ് ഫസല്‍, ശുഹൈബ്, ടി.പി ചന്ദ്രശേഖരന്‍ തുടങ്ങിയ വധക്കേസുകള്‍ നടത്തുന്നത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഇതുകൂടാതെ പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷികളായവരുടെയും പ്രതികളായി ജയിലില്‍ പോയവരുടെയും കുടുംബങ്ങളെ സംരക്ഷിക്കുകയും വേണം. കണ്ണൂരില്‍ ഇങ്ങനെ സംരക്ഷിക്കുന്ന ഇരുന്നൂറിലേറെ കുടുബങ്ങളുണ്ടെന്നാണ് കണക്ക്. സംസ്ഥാന ഭരണവും സഹകരണ സ്ഥാപനങ്ങളുമാണ് കോര്‍പറേറ്റു കമ്പനികള്‍ക്കു സമാനമായ മൂലധനമുള്ള സി.പി.എമ്മിന് ഊര്‍ജ്ജം നല്‍കുന്നത്. എന്നാല്‍ പുതിയ സാമ്പത്തിക നിയന്ത്രണങ്ങളും മാന്ദ്യവും സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുകയാണ്. മിക്കയിടങ്ങളിലും ലോണ്‍ എടുക്കാന്‍ പോലും ആളുകള്‍ വരുന്നില്ല.

ഈ സാഹചര്യത്തിലാണ് എതിരാളികള്‍ക്കു വരമ്പത്ത് കൂലിനല്‍ക്കന്‍ ഇനി പോകണ്ടേന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ സംസ്ഥാന സെക്രട്ടറി കോടിയേരിക്കു തന്നെ ഓര്‍മ്മിപ്പിക്കേണ്ടി വന്നത്. തുടര്‍ച്ചയായുള്ള പാര്‍ട്ടി നിര്‍ബന്ധിത പിരിവുകള്‍ പ്രവര്‍ത്തകരെയും ജനങ്ങളെയും മടുപ്പിക്കുന്നുവെന്ന വിലയിരുത്തല്‍ സി.പി.എം നേതൃത്വം തന്നെ നടത്തിയിട്ടുണ്ട്. ഇതിനെക്കാള്‍ ഭീകരമാണ് മറ്റു പാര്‍ട്ടികളിലെ കാര്യം. കപ്പലില്‍ വെളിച്ചമണഞ്ഞ അവസ്ഥയിലാണ് കോണ്‍ഗ്രസ്. ബൂത്ത് മുതല്‍ ഡിസിസി വരെ പണമില്ലാഞ്ഞ് ചക്രശ്വാസം വലിക്കുകയാണ്. കെ.പി.സി.സിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. പല സംസ്ഥാനത്തില്‍ നിന്നും തുടച്ചു നീക്കപ്പെട്ടതിനാല്‍ ഹൈക്കമാന്‍ഡും പ്രതിസന്ധിയിലാണ്.

ജനപ്രതിനിധികള്‍ ലെവിയായി ശമ്പളത്തില്‍ നിന്നുംഅഞ്ചു പൈസ കൊടുക്കുന്ന പതിവ് പാര്‍ട്ടിക്കില്ല.ഒന്നര കൊല്ലത്തിനു ശേഷം വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം കിട്ടുമെന്ന ഏക പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.അതുവരെ പിടിച്ചു നില്‍ക്കാന്‍ പിടിക്കുകയാണ് പാര്‍ട്ടി കേന്ദ്ര ഭരണത്തിന്റെ ശീതളച്ഛായയുള്ളതിനാല്‍ മുന്‍പുള്ളതിനെക്കാള്‍ ബി.ജെ.പിക്ക് പിരിവ് കൂടുതല്‍ ലഭിക്കുന്നുണ്ട്. അതത് ജില്ലകളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനം നടക്കുന്നത്.എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ദേശീയ നേതൃത്വം പണം നല്‍കാറില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. ബലിദാനികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ നടത്തുന്നതും രാഷ്ട്രീയ സ്വയംസേവകാണ്.

ഇതില്‍ ബി.ജെ.പിക്ക് വലിയ റോളെന്നുമില്ല. സംഘ് പ്രവര്‍ത്തകര്‍ നല്‍കുന്ന ഗുരുദക്ഷിണയെന്ന സംഖ്യയാണ് ഇതിനു പയോഗിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനകം വന്‍ വിജയമായ ബൈത്തുറഹ്മ പദ്ധതി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ സംഘടനയായ കെ.എം.സി.സി വഴിയാണ് ഇവര്‍ നടത്തുന്നത്. മോദി സര്‍ക്കാരിന്റെ വിദേശ സാമ്പത്തിക നയങ്ങളും നിയന്ത്രണങ്ങളും എസ്.ഡി.പി.ഐ. വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ മിക്ക പാർട്ടികളുടെയും നിലനിൽപ്പ് തന്നെ അവതാളത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button