കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കാണാതായിരുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കൊച്ചി ആലുവയിലെ വീട്ടില്‍. കരാര്‍ ഏജന്‍സിക്ക് മുന്‍കൂര്‍ പണം നല്‍കിയ അഴിമതിയ്ക്കും പണമിടപാടും സംബന്ധിച്ച് കൃത്യമായ രേഖകള്‍ ലഭിച്ചെന്നും ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും വിജിലന്‍സ് ഒരുങ്ങുന്നുവെന്നും ഉള്ള വിവരങ്ങള്‍ക്കിടെയാണ് ഇബ്രാഹിംകുഞ്ഞ് സ്വന്തം വീട്ടിലെത്തുന്നത്. പാലം പണിയുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങള്‍ എല്ലാം നയപരം മാത്രമായിരുന്നുവെന്നാണ് ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അറസ്റ്റ് മുന്‍കൂട്ടിക്കണ്ട്, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി കുഞ്ഞ് നിയമോപദേശം തേടിയെന്നാണ് വിവരം. എന്നാല്‍ അഴിമതിക്കേസില്‍ ഇതുവരെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
റിമാന്‍ഡിലുള്ള ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറയുന്നതിന് മന്ത്രിയായ ഞാന്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ ഇബ്രാഹിംകുഞ്ഞ്, മുന്‍കൂര്‍ പണം നല്‍കിയതില്‍ ചട്ടലംഘനമൊന്നുമില്ലെന്നും അവകാശപ്പെട്ടു. മൊബിലൈസേഷന്‍ അഡ്വാന്‍സ് അഥവാ പാലം പണിയ്ക്കുള്ള ഫണ്ട് ശേഖരിക്കാനടക്കമുള്ള മുന്‍കൂര്‍ പണം നല്‍കുന്ന കീഴ്‌വഴക്കം കഴിഞ്ഞ എല്ലാ സര്‍ക്കാരുകളും തുടര്‍ന്ന് വരുന്നതാണെന്നും ഈ സര്‍ക്കാരും അത് ചെയ്യുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം ബജറ്റിതര പ്രോജക്ടുകള്‍ക്കെല്ലാം ഇത്തരത്തില്‍ പണം നല്‍കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ തുക വകയിരുത്താത്ത എല്ലാ പദ്ധതികള്‍ക്കും ഇത്തരത്തില്‍ പണം നല്‍കാന്‍ കഴിയും.
ടി ഒ സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നില്ല. കുറേക്കാലം പൊതുമരാമത്ത് വകുപ്പിന് സ്വന്തമായി സെക്രട്ടറിയുണ്ടായിരുന്നില്ലെന്നും അഡീഷണല്‍ സെക്രട്ടറിമാര്‍ക്ക് അധിക ചുമതല നല്‍കുകയായിരുന്നു പതിവെന്നും ലോകബാങ്ക് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ഇതില്‍ ബുദ്ധിമുട്ട് അറിയിച്ച സാഹചര്യത്തിലാണ് ഇത് മാറ്റി വകുപ്പിനൊരു സെക്രട്ടറിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
ALSO READ: തെരുവു നായ്ക്കളുടെ ആക്രമണം; ബൈക്ക് നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥി മരിച്ചു
പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം വി.കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനാണ് വിജിലന്‍സ് ഒരുങ്ങുന്നത്. അതിനുള്ള ഒരുക്കങ്ങളാണ് അന്വേഷണസംഘം നടത്തുന്നതും.
Post Your Comments