ന്യൂഡല്‍ഹി: സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കില്ലെന്ന് സൂചന. പാര്‍ട്ടിയുടെ ദേശീയ പദവി നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ താല്‍ക്കാലിക അവധി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ശരത് പവാര്‍ നയിക്കുന്ന എന്‍സിപി, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ എന്നീ പാര്‍ട്ടികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനം പരിഗണിച്ചാണ് ഈ തീരുമാനം എന്നാണ് വിവരം.
മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ദേശീയ പാര്‍ട്ടി പദവിയില്‍ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പാര്‍ട്ടികള്‍ക്കും തങ്ങളുടെ ദേശീയ പാര്‍ട്ടി പദവി സംരക്ഷിക്കാന്‍ ഒരവസരം കൂടി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വ്യക്തമാകുന്നത്. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മൂന്ന് പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. ഇവരുടെ വാദം കമ്മിഷന്‍ കേട്ടതുമാണ്. എന്നാല്‍ കൂടുതല്‍ വാദം കേട്ട ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാവൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
ദേശീയ പാര്‍ട്ടി പദവി നേടാന്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി വേണമെന്നാണ് നിബന്ധന. എന്നാല്‍ കേരളത്തിലും തമിഴ്നാട്ടിലും മണിപ്പൂരിലും മാത്രമാണ് സിപിഐയ്ക്ക് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. മഹാരാഷ്ട്രയിലും നാഗാലാന്റിലും സംസ്ഥാന പാര്‍ട്ടി പദവിയുള്ള എന്‍സിപിക്ക് മേഘാലയയിലും ഗോവയിലും ഈ പദവി നഷ്ടമായി. പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ത്രിപുരയിലും മണിപ്പൂരിലും മാത്രമാണ് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്.
Post Your Comments