ന്യൂഡൽഹി: ദേശീയ പാർട്ടി പദവി നഷ്ടമായതിലൂടെ സിപിഐക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടം അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം നഷ്ടമാകും എന്നതാണ്. രാജ്യത്ത് ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ സിപിഐ ഉപയോഗിക്കുന്ന ചിഹ്നമാണ് ധാന്യക്കതിരും അരിവാളും. സിപിഐ മാത്രമായിരുന്നു ആദ്യ പൊതു തെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ തുടർച്ചയായി ഒരേ ചിഹ്നത്തിൽ തന്നെ മത്സരിച്ചിരുന്നത്. ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് സിപിഐയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ധാന്യക്കതിർ അരിവാളിന് അവകാശപ്പെടാനുള്ളത്.
വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാകും സിപിഐക്ക് ധാന്യക്കതിർ അരിവാൾ ചിഹ്നത്തിൽ മത്സരിക്കാനാകുക. കേരളത്തിൽ 140 നിയമസഭാ സീറ്റുകളിൽ 17 സീറ്റുകളിലാണ് സിപിഐ എംഎൽഎമാരുള്ളത്. കേരളത്തിന് പുറത്ത് സിപിഐക്ക് നിയമസഭയിൽ പ്രാതിനിധ്യമുള്ളത് തമിഴ്നാട്ടിൽ മാത്രമാണ്. 234 അംഗ തമിഴ്നാട് നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് സിപിഐക്കുള്ളത്. ഇവിടെ നിന്നും രണ്ട് ലോക്സഭാംഗങ്ങളും സിപിഐക്കുണ്ട്. ലോക്സഭയിലെ പാർട്ടിയുടെ ആകെയുള്ള പ്രാതിനിധ്യവും ഇതാണ്.
രാജ്യമൊട്ടാകെ 19 എംഎൽഎമാർ, ലോക്സഭയിൽ രണ്ട് അംഗങ്ങൾ, രാജ്യസഭയിൽ രണ്ട് അംഗങ്ങൾ എന്നിങ്ങനെ എണ്ണിയാൽ സിപിഐയുടെ ആകെ തുകയാകും. വരുന്ന ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജയിക്കാനുള്ള ശേഷിയും നിലവിൽ സിപിഐക്കില്ല. പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്ന തൃപുര, അസം, പശ്ചിമ ബംഗാൾ, തെലങ്കാന, ഛത്തിസ്ഗഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പേരിന് മാത്രം സംസ്ഥാന ഘടകങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ സിപിഐക്ക് ഒരു തിരിച്ചുവരവ് വലിയ പ്രയാസമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
Post Your Comments