ചണ്ഡിഗഡ്: ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥയെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ കുഞ്ഞ് മരിച്ചത്. ഹരിയാനയിലെ കൈതാളിലാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന് സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സഹില്‍ എന്നയാളുടെ ഒന്നരമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
ALSO READ: 74ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ മങ്കയമ്മയും ഭര്‍ത്താവും ഐസിയുവില്‍
കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ കൈതാളിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മോശമായതോടെ ചണ്ഡിഗഡിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കുട്ടിക്ക് കടുത്ത ശ്വാസതടസം ഉണ്ടായിരുന്നതിനാല്‍ തന്നെ കൈതാളില്‍നിന്ന് ചണ്ഡിഗഡിലെത്തുന്നതുവരെ കുട്ടിയ്ക്ക് കൃത്രികശ്വാസം നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം 2800 രൂപ വാടകയ്ക്ക് ഒരു സ്വകാര്യ ആമ്പുലന്‍സ് ഒരുക്കിയാണ് കുട്ടിയെ ചണ്ഡിഗഡിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് ഡ്രൈവര്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ വാഹനം പെഹോവയിലെത്തിയതോടെ സിലിണ്ടറിലെ ഓക്‌സിജന്‍ തീരുകയും കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തുതുടങ്ങി. ആംബുലന്‍സില്‍ വേറെ ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടായിരുന്നില്ല. അമ്പാലയിലെത്തിയപ്പോള്‍ കുട്ടിയുടെ ബന്ധുക്കള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അത് കണക്കാക്കാതെ യാത്ര തുടര്‍ന്നു. ചണ്ഡിഗഡിലെ ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് ശ്വാസംമുട്ടി മരിച്ചിരുന്നു. കൈതാളില്‍ തിരിച്ചെത്തിയ ബന്ധുക്കള്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments