വെള്ളം ശേഖരിച്ചു വച്ചിരുന്ന പാത്രത്തിൽ 25 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്പത്ത് കുഞ്ഞിന്റെ അമ്മയുടെ വീട്ടിലെ പാത്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബോഡിനായ്ക്കന്നൂർ സ്വദേശി മണിയുടെയും ഭാര്യ സ്നേഹയുടെയും മകനാണ് മരിച്ചത്. പ്രസവത്തിനായാണ് സ്നേഹ ഏതാനും ആഴ്ചകൾ മുമ്പ് കമ്പത്തെ ഗ്രാമ ചാവടി തെരുവിലുള്ള കുടുംബ വീട്ടിലെത്തിയത്.
25 ദിവസം മുമ്പ് സ്നേഹ ആൺകുഞ്ഞിനെ പ്രസവിച്ചു. ആശുപത്രിയിൽ നിന്നും സ്നേഹയെ വീട്ടിലെത്തിച്ച ശേഷം മാതാപിതാക്കൾ കേരളത്തിലേക്ക് ജോലിക്കെത്തി. സ്നേഹയും വല്യമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 11 മണിയോടെ വല്യമ്മ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയി. കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തിയ ശേഷം സ്നേഹ കുളിക്കാൻ കയറി. കുളി കഴിഞ്ഞ് തിരികെയെത്തി നോക്കുമ്പോൾ തൊട്ടിലിൽ കിടന്ന കുഞ്ഞിനെ കാണാനില്ലായിരുന്നു. പുതപ്പിച്ച തുണികൾ മുറിക്കുള്ളിൽ ചിതറിക്കിടക്കുകയായിരുന്നു.
സ്നേഹ കരഞ്ഞുകൊണ്ട് പുറത്തെത്തി കുഞ്ഞിനെ തിരയാൻ തുടങ്ങി. സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ അതുവഴി നാടോടികളിലൊരാൾ കടന്നു പോയതായി പറഞ്ഞു. ഇയാൾ കുഞ്ഞിനെ തട്ടിയെടുത്തതാണെന്ന സംശയത്തിൽ പൊലീസിനെ അറിയിച്ചു. ഉത്തമപാളയം എഎസ് പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘമെത്തി തെരച്ചിൽ ആരംഭിച്ചു. നാടോടിക്കൂട്ടത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
ഒപ്പം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ അവിടെയെത്തിയ നാടോടി കുഞ്ഞിനെ എടുത്തതായി കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടു മണിക്കൂറിനു ശേഷം പൊലീസ് വീട്ടിലെത്തി വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് വെള്ളം ശേഖരിച്ചു വച്ചരുന്ന പാത്രത്തിൽ നിന്നും തലകീഴായി കിടന്നിരുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആരാണ് കുഞ്ഞിനെ വെള്ളത്തിൽ ഇട്ടതെന്ന് കണ്ടത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സ്നേഹയുടെ ബന്ധുക്കളെയും അയൽക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Post Your Comments