ന്യൂഡല്‍ഹി : കാന്‍സര്‍ പരിചരണം ഉള്‍പ്പെടെ 1392 മെഡിക്കല്‍ പാക്കേജുകളുടെ ചികിത്സത്തുക പരിഷ്‌കരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനകീയാരോഗ്യ പദ്ധതിയായ പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ (എബി-പിഎംജെഎവൈ) നടപ്പാക്കി ഒരു വര്‍ഷം തികയുന്ന സെപ്റ്റംബര്‍ 23 ന് പുതുക്കിയ പദ്ധതി പ്രഖ്യാപിച്ചേക്കും. കാന്‍സറിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയല്ല, നല്‍കുന്ന മരുന്നുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇനി റീ ഇംബേഴ്‌സ്‌മെന്റ് തുക കണക്കാക്കുക.
Read Also : പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്
ആരോഗ്യപദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ 23ന് ‘ആയുഷ്മാന്‍ ഭാരത് ദിവസ്’ ആയി ആചരിക്കും. പദ്ധതി ആരംഭിച്ചശേഷം 39 ലക്ഷത്തിലധികം പേര്‍ക്ക് 12,000 കോടി രൂപ ചികിത്സാ സഹായമായി നല്‍കിയെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ 18,000 ആശുപത്രികള്‍ പദ്ധതിയില്‍ അംഗമാണ്
ഇതേസമയം, ആയുഷ്മാനില്‍ നിന്നു തിമിര ശസ്ത്രക്രിയയും വന്ധ്യംകരണ ശസ്ത്രക്രിയയും ഒഴിവാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇവ രണ്ടും നിലവിലുള്ള ദേശീയ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നിതി ആയോഗ് അംഗം കെ. വിനോദ് പോള്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ദേശീയ ആരോഗ്യ പദ്ധതികള്‍ക്കു കീഴില്‍ ചികിത്സ ലഭിക്കുന്ന രോഗികളുടെ പേരുകള്‍ തന്നെ പിഎംജെഎവൈ പ്രകാരം ചികിത്സ നേടുന്നതിന് അപേക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. സര്‍ക്കാര്‍ സേവനങ്ങള്‍ ഒരാള്‍ക്കു 2 തവണ ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സമിതിക്കു രൂപം നല്‍കാനും ശുപാര്‍ശയുണ്ട്. നിലവില്‍ തിമിര ശസ്ത്രക്രിയ ദേശീയ അന്ധതാ നിവാരണ പദ്ധതിയിലും വാസക്ടമി, ട്യൂബക്ടമി കുടുംബാസൂത്രണ പദ്ധതിയുടെ പരിധിയിലും ഉള്‍പ്പെട്ടിട്ടുണ്ട്.
Post Your Comments