ന്യൂഡല്‍ഹി: നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന വ്യക്തിയായി നരേന്ദ്ര മോദിയും ചരിത്രത്തില്‍ ഇടം നേടുകയാണ്. ഈ ചരിത്ര ദിനത്തില്‍ മോദി 3.0 മന്ത്രിസഭയുടെ ഭാഗമാകാന്‍ 72 നേതാക്കളാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ മന്ത്രിസഭയില്‍ 30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരും ഉള്‍പ്പെടും.
രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കര്‍, നിര്‍മല സീതാരാമന്, പീയൂഷ് ഗോയല്‍ എന്നിവര്‍ തുടരും. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാര്‍ട്ടി അധ്യക്ഷന്‍ വൈകാതെ വരും എന്ന സൂചനയായി. ശിവരാജ് സിങ് ചൗഹാന്, മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും ക്യാബിനെറ്റിലെത്തി.
ടി ഡി പിയുടെ രാം മോഹന്‍ നായിഡു, ജെ ഡി യുവിന്റെ ലല്ലന്‍ സിങ്, ലോക ജന്‍ ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്, ജെ ഡി എസിന്റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതന്‍ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ല ക്യാബിനെറ്റ് മന്ത്രിമാര്‍. ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിര്‍ത്തി. 5 പേര് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര് സഹമന്ത്രിമാരുമാണ്.
നിര്‍മല സീതാരാമനും ജാര്‍ഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍. യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിന് പ്രസാദ, രവനീത് സിങ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. അനുരാഗ് ഠാക്കൂര്‍, സ്മൃതി ഇറാനി എന്നിവരാണ് ഇത്തവണ മന്ത്രിസ്ഥാനം കിട്ടാതെ പോയ പ്രമുഖര്‍. തര്‍ക്കങ്ങളെ തുടര്‍ന്ന് എന്‍ സി പി മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തില്ല. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപി, ജോര്‍ജ് കുര്യന് എന്നിവര്‍ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
Post Your Comments