മലപ്പുറം : സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിക്ക് ചുട്ട മറുപടി നല്‍കിയ എസ്‌ഐ അമൃത് രംഗന്‍ പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേയും കേസെടുത്തിരുന്നതായി റിപ്പോര്‍ട്ട്. ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനാണ് പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്.2016ല്‍ മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം എസ്‌ഐ ആയിരിക്കെ പാട്ടക്കരിമ്പിലെ റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
തനിക്കെതിരെ കേസെടുത്ത അമൃത്രംഗനെ മൂന്നുദിവസത്തിനകം സ്ഥലംമാറ്റിയില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആഭ്യന്തരവകുപ്പ് അമൃത്രംഗനെ മാറ്റാന്‍ തയ്യാറായിരുന്നില്ല. ഇതോടെ വിഷയത്തില്‍ സിപിഎം നേതൃത്വവും ഇടപെട്ടതോടെ അന്‍വര്‍ പിന്‍വാങ്ങുകയായിരുന്നു.രണ്ടര വര്‍ഷം പൂക്കോട്ടുംപാടത്ത് സേവനം അനുഷ്ഠിച്ചപ്പോള്‍ ഗുണ്ടാസംഘങ്ങളേയും, ലഹരി മാഫിയകളേയും അദ്ദേഹം അടിച്ചമര്‍ത്തി ശ്രദ്ധനേടിയിരുന്നു.
76 മയക്കുമരുന്നു കേസുകളിലായി 93 പേരെയാണ് അമൃത് രംഗന്‍ അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് അമൃത് രംഗനെ കള്ളക്കേസില്‍ കുടുക്കാനും നീക്കമുണ്ടായി. ഇതിന് തുടര്‍ക്കഥയെന്നപോലെയാണ് റീഗള്‍ എസ്റ്റേറ്റില്‍ ആദിവാസികളെക്കൊണ്ട് കുടില്‍കെട്ടിച്ച സംഭവത്തില്‍ അന്വേഷിക്കാനെത്തിയ എസ്‌ഐക്കെതിരേ പരാതി നല്‍കിയത്.എസ്‌ഐക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും സ്വന്തമായി വീടും സ്ഥലവും ഉള്ളവരാണ് കുടില്‍കെട്ടി സമരം നടത്തുന്നതെന്ന് വ്യക്തമായി. അമൃത് രംഗനെ നിരപരാധിയായി കണ്ടെത്തുകയും, അനധികൃതമായി കെട്ടിയ കുടില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുമാറ്റുകയും ചെയ്തു.
അതെ സമയം സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്ഥലം എസ്‌ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. മാധ്യമങ്ങളില്‍ വന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് കേട്ട് കോടതി സ്വയമേധയായുള്ള ഇടപെടലാണ് നടത്തിയിരിക്കുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നും ഈമാസം 19ന് ഇതുസംബന്ധിച്ച വിശദീകരണണം നല്‍കണമെന്നും അഡ്വക്കേറ്റ് ജനറലിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments