കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിജെ ജോസഫിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. പാലായില്‍ ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കുന്നു. ചില നേതാക്കള്‍ ശകുനംമുടക്കുന്ന നോക്കുകുത്തിയെപ്പോലെ വഴിയിലിറങ്ങി നിന്നെന്നും വിഡ്ഢികളാകാനാണ് അവരുടെ നിയോഗമെന്നും സ്ഥാനാര്‍ഥി നിര്‍ണയം ജോസ് കെ മാണിയുടെ ജനപ്രീതി ഉയര്‍ത്തിയെന്നുമാണ് പത്രത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നത്.
ഉള്ളില്‍ അണപ്പല്ലുകൊണ്ട് ഇറുമ്മുകയും പുറമേയ്ക്ക് മുന്‍പല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിയെ പാലായ്ക്ക് ആവശ്യമില്ല. കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി വേണ്ട എന്ന നിലപാട് ജോസ് കെ മാണി മുന്‍പേ തന്നെ സ്വീകരിച്ചിരുന്നു. ജോസ് കെ മാണിയുടെ തീരുമാനത്തിനൊപ്പമാണ് പാലായിലെ കേരളാ കോണ്‍ഗ്രസെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പാലായില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെതിരെ പ്രവര്‍ത്തകർ തെറിവിളിയും കൂക്കുവിളികളും നടത്തിയിരുന്നു. നിങ്ങളില്‍ ചിലരുടെ വികാരം മാനിക്കുന്നുവെന്നും ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കും എന്നുമായിരുന്നു പിജെ ജോസഫ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.
Post Your Comments