ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വിട്ടുതടങ്കലില്‍ കഴിയുന്ന സിപിഎം നേതാവ് മുഹമ്മദ്് യൂസഫ് താരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും ഹര്‍ജിയുടെയും അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. താരിഗാമിയുടെ കുടുംബാംഗങ്ങള്‍ക്കും ഡല്‍ഹിയിലേക്ക് വരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കുല്‍ഗാം മണ്ഡലത്തില്‍ നിന്നും നാലു തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട തരിഗാമിയെ അനധികൃതമായാണ് തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി ഹര്‍ജി നല്‍കിയത്.
സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവും അനുമതിയും തേടി സീതാറാം യെച്ചൂരി ശ്രീനഗറിലേക്ക് താരിഗാമിയെ കാണാന്‍ പോയിരുന്നു. പ്രത്യേക സുരക്ഷയോടെയാണ് യെച്ചൂരി താരിഗാമിയെ കണ്ടത്. യെച്ചൂരിയുടെ അപേക്ഷ പ്രകാരം ഒരു ദിവസം അദ്ദേഹത്തോടൊപ്പം ശ്രീനഗറില്‍ തങ്ങാനും അധികൃതര്‍ അനുവദിച്ചിരുന്നു. താരിഗാമിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി വ്യക്തമാക്കിയിരുന്നു. വീട്ടുതടങ്കലിലായതിനാല്‍ ചികിത്സിക്കാന്‍ കഴിയില്ലെന്നും 72 വയസ്സുള്ള തരിഗാമിയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം ശ്രമിക്കുന്നില്ലെന്നും യെച്ചൂരി ആരോപിച്ചിരുന്നു. ഈ വിവിരങ്ങളടങ്ങിയ സത്യവാങ്മൂലം യെച്ചൂരി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. ഇനിയും തരിഗാമിയെ തടങ്കലില്‍ വച്ചിരിക്കുന്നത് ഭരണഘടനാ അനുച്ഛേദം 21 പ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
ALSO READ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ട് നേതാക്കള്‍ ബി.ജെ.പിയില്‍
യെച്ചൂരിയുടെ ഈ സത്യവാങ്മൂലെ കണക്കിലെടുത്താണ് ഇപ്പോള്‍ താരിഗാമിയെ എംയിസിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. ഓഗസ്റ്റ് 5-നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിന് തൊട്ടു മുമ്പ് കശ്മീരിനെ നേതൃനിരയെ മൊത്തം കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. പിറ്റേന്ന് തന്നെ യെച്ചൂരി സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. തരിഗാമിയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിവരങ്ങളറിയാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
Post Your Comments