ഇരിങ്ങാലക്കുട: സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ മരണവാർത്ത വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും സോഷ്യൽ മീഡിയയും. വരുന്ന മാർച്ച് 4 ന് മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് പ്രണവിനെ മരണം കവർന്നെടുത്തത്. ഷഹാനയുടെയും പ്രണവിന്റെയും പ്രണയം കേരളം ആഘോഷമാക്കിയതാണ്. നെഞ്ചിന് താഴെ തളര്‍ന്ന് കിടന്ന പ്രണവിന്റെ താങ്ങും തണലുമായിരുന്നു ഷഹാന.
ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ഷഹാനയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിരുന്നില്ല. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ചുള്ള ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഇവർ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. എട്ടു വർഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു. പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നുന്നത്. ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ പ്രണവ് തന്നെയാണ് ആദ്യം എതിർത്തത്. നിരുത്സാഹപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും, പിന്മാറാൻ ഷഹാന തയ്യാറായിരുന്നില്ല.
ഒടുവിൽ പ്രണവ് ഷഹാനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാർത്തുകയായിരുന്നു. 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ദിവസം ഷഹാനയുടെ ചിത്രം നെഞ്ചിൽ പച്ചകുത്തിയ പ്രണവിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
അടുത്തിടെ ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ ഷഹാന പങ്കെടുത്തിരുന്നു. പ്രണവിനൊപ്പമുള്ള ജീവിതം തിരഞ്ഞെടുത്തപ്പോൾ തനിക്ക് വീട്ടുകാരെ നഷ്ടമായെന്നും പലതരം ഭീഷണികൾ വന്നിരുന്നുവെന്നും ഷഹാന പറഞ്ഞിരുന്നു. അപ്പോഴൊക്കെ, പ്രണവും സുഹൃത്തുക്കളും ഷഹാനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇപ്പോൾ, അപൂര്‍വമായ ഒരു പ്രണയത്തിന്റെ നേര്‍ക്കാഴ്ചകള്‍ മലയാളികൾക്ക് മുന്നിൽ നൊമ്പരമായി അവശേഷിക്കുകയാണ്. പ്രണവിനൊപ്പമുള്ള ജീവിതം സ്വപ്നം കണ്ടിറങ്ങി വന്ന ഷഹാന ഇന്ന് സങ്കടക്കടലിൽ തനിച്ചാണ്.
Post Your Comments