കൊച്ചി: തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച സിപിഎം നേതാവിന് മറുപടി നൽകി എസ്ഐ അമൃത രംഗൻ. കുസാറ്റിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്എഫ്ഐ വിദ്യാർഥിയെ പൊലീസ് ജീപ്പിൽ കയറ്റിയതിനാണ് എസ്ഐയെ സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്. എസ്എഫ്ഐ ഭാരവാഹിയാണെന്നു പറഞ്ഞിട്ടും വിദ്യാർഥിയെ പിടിച്ചു പൊലീസ് ജീപ്പിൽ കയറ്റിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് ഏരിയ സെക്രട്ടറി എസ്ഐയെ വിളിച്ചത്. പ്രവർത്തകരോട് മാന്യമായി പെരുമാറണമെന്നും കളമശേരിയിൽ നിങ്ങൾ മാത്രമല്ല, ഇതിനു മുമ്പു പലരും എസ്ഐ ആയി വന്നിട്ടുണ്ടെന്നും നിങ്ങളുടെ മേലുദ്യോഗസ്ഥരെ ഒക്കെ വിളിച്ചു സംസാരിക്കുന്നതാണെന്നും അവരൊന്നും ഇങ്ങനെ ഇടപെടില്ലെന്നും തനിക്ക് കൊമ്പുണ്ടോ എന്നും സക്കീർ ഹുസൈൻ ചോദിച്ചു.
എന്നാൽ സൈഡ് ചേർന്ന് സംസാരിക്കാനാണെങ്കിൽ തനിക്കൊന്നും പറയാനില്ലെന്ന് എസ്ഐ പറഞ്ഞതോടെ സക്കീർ ഹുസൈൻ എസ്ഐക്ക് നേരെ ഭീഷണി സ്വരം ഉയർത്തി. നിങ്ങളെക്കുറിച്ച് വളരെ മോശം അഭിപ്രായം ജനങ്ങൾക്കിടയിൽ നിന്നും രാഷ്ട്രീയക്കാർക്കിടയിൽ നിന്നും ഉണ്ടായിട്ടുണ്ട്. കളമശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസിലാക്കി ഇടപെടുന്നത് നന്നാകുമെന്ന് സക്കീർ ഹുസൈൻ പറയുകയുണ്ടായി. ഇതിന് മറുപടിയായി ഞാൻ നേരെ വാ നേരേ പോ എന്ന നിലയിൽ ഇടപെടുന്ന ആളാണെന്നും ഒരു പാർട്ടിയോടും കൂറില്ലെന്നും ഇവിടെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ലെന്നും എസ്ഐ പറഞ്ഞു. നിലപാട് നോക്കി ജോലി ചെയ്യാൻ എനിക്കാവില്ല. ഞാൻ ആരുടെയും കാലുപിടിച്ചിട്ടല്ല കളമശേരിയിൽ വന്നിരിക്കുന്നത്. ഇതിൽ കൂടുതൽ മാന്യമായി എങ്ങനെയാണ് പെരുമാറേണ്ടത്. നിങ്ങളുടെ ചുമതലയുള്ള പയ്യനെ ഞാൻ അമിനിറ്റി സെന്ററിൽ കൊണ്ടാക്കിയെന്നും എസ്ഐ അറിയിച്ചു. ഞാൻ ഏറ്റവും മാന്യമായാണ് നിങ്ങളോട് സംസാരിച്ചത്. നിങ്ങൾ എന്താണെന്നു വച്ചാൽ ചെയ്തോളു. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ല. ടെസ്റ്റെഴുതി പാസായതാണ്. അതുകൊണ്ട് നല്ല ധൈര്യമുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ട് ഇരുത്ത്. നിങ്ങൾ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ല. അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ലെന്നും എസ്ഐ പറയുകയുണ്ടായി.
Post Your Comments