വിവാഹം എന്നത് കേവലം ഒരു ചടങ്ങ് മാത്രമല്ല. വിവാഹത്തോട് കൂടി ചിലകാര്യങ്ങളില്‍ നമുക്ക് അന്നുവരെയില്ലാതിരുന്ന സ്വാതന്ത്ര്യവും അംഗീകാരവും കിട്ടുന്നതോടൊപ്പം പുതിയ ചില ചുമതലകള്‍ വന്ന് ചേരുകയും ചെയ്യുന്നു. എല്ലാത്തിനുമുപരി രണ്ടുവ്യക്തികള്‍ തുടര്‍ന്നുള്ള ജീവിതം ഒരുമിച്ച് പങ്കിടാമെന്നതിന്റെ ധാരണാ ഉടമ്പടിയാണ് വിവാഹമെന്ന് പറയാം. അവിടെ മനസും ശരീരവും മാത്രമല്ല, നമ്മുടെ മുറിയും കിടക്കയും അന്നുവരെ നമുക്ക് മാത്രം സ്വന്തമെന്ന് കരുതിയിരുന്ന എല്ലാം പരസ്പരം പങ്കുവെയ്ക്കപ്പെടും. പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി ഒന്നിച്ച് പോകേണ്ടി വരും. വിവാഹത്തോടെ പിന്നെ ഞാനില്ല, നമ്മള്‍ എന്ന വാക്കിനാണവിടെ പ്രാധാന്യം.
വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കളെ സാധാരണഗതിയില്‍ വീട്ടിലെ മുതിര്‍ന്നവരോ വിവാഹിതരായ ബന്ധുക്കളോ ഉപദേശിക്കാറുണ്ട്. എന്നാല്‍ പലവിവാഹ ജീവിതങ്ങളിലും സംഭവിക്കുന്ന പാകപിഴകളുടെ പ്രധാന കാരണം തന്നെ അത്തരം ഉപദേശങ്ങളാണ്. പലപ്പോഴും വീട്ടുകാരുടെയും ബന്ധുക്കളുടെയും പരിചയക്കാരുടെയും ഉപദേശങ്ങളൊന്നും തന്നെ വിവാഹജീവിതത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകണമെന്നില്ലെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നത്. ചില അവസരങ്ങളില്‍ ഗുണകരമാകില്ലെന്ന് മാത്രമല്ല വളരെയധികം അപകടം പിടിച്ചതുമാകാമത്രേ ഈ ഉപദേശങ്ങള്‍. അതിനാല്‍ ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുന്നതാണ് നിങ്ങളുടെ ദാമ്പത്യജീവിതത്തിന് ഗുണകരം.
ALSO READ: നിങ്ങള്‍ക്ക് പ്രമേഹരോഗമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയരുതേ…
വിവാഹിതരാകാന്‍ പോകുന്നവരോടും, പുതുതായി വിവാഹതിരായവരോടും ചിലര്‍ പറയാറുണ്ട്. ‘ഒരുമിച്ചുള്ള സമയമത്രയും സ്പെഷ്യല്‍ ആക്കണം’ എന്ന്. എന്നാല്‍ ഇത് ഒരു മണ്ടന്‍ ഉപദേശമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നമ്മളെല്ലാം സാധാരണ മനുഷ്യരാണ്. എല്ലാ ദിവസവും ജീവിതത്തില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ ആര്‍ക്കും കഴിയില്ല. പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണ് ജീവിത്തിന്റെ കെട്ടുറപ്പ്. എന്നും യാത്രകള്‍ പോകാനും പുറത്ത് നിന്ന് ഡിന്നര്‍ കഴിക്കാനും സമ്മാനങ്ങള്‍ കൈമാറാനുമൊന്നും കഴിഞ്ഞെന്ന് വരില്ല. പങ്കാളിയുടെ തിരക്കും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ അറിഞ്ഞ് പെരുമാറാന്‍ പഠിക്കുക. നാം സിനിമയില്‍ കാണുന്നതല്ല ജീവിതം എന്ന് മനസിലാക്കുക. നിത്യജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ വരെ ആസ്വദിച്ച്, ഒരുമിച്ച് ചെയ്യാന്‍ ശ്രമിക്കുക. അപ്പോള്‍ എല്ലാം സ്‌പെഷ്യലായി തോന്നിത്തുടങ്ങും.
ALSO READ: ശ്രദ്ധിക്കൂ… അമിതമായ മുടി കൊഴിച്ചിലിനു പിന്നില്‍ ഈ കാരണമാകാം
വിവാഹജീവിതത്തില്‍ ലൈംഗികതയ്ക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ വിവാഹിതരാകാന്‍ പോകുന്നവരോട് ചിലരെങ്കിലും ‘ലൈംഗികതയൊന്നും അത്ര പ്രധാനമല്ല, അതില്‍ കുറവുകളുണ്ടായാലും അഡ്ജസ്റ്റ്’ ചെയ്യാന്‍ പഠിക്കണം എന്ന ഉപദേശം നല്‍കാറുണ്ട്. ഈ ഉപദേശം ഒരിക്കലും സ്വീകരിക്കരുതെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. ലൈംഗികജീവിതത്തില്‍ വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ വിഷമതകള്‍ ഉണ്ടായേക്കാമെങ്കിലും ഇതെല്ലാം പരസ്പരം തുറന്ന് ചര്‍ച്ച ചെയ്തും, പരസ്പരം ഉള്‍ക്കൊണ്ടും കൈകാര്യം ചെയ്ത് തന്നെ മുന്നോട്ട് പോകണം. അല്ലാത്ത പക്ഷം നിത്യമായ അസംതൃപ്തിയിലേക്കും ക്രമേണ ദാമ്പത്യ ബന്ധത്തിലെ അകല്‍ച്ചയിലേക്കും ഇത് നയിച്ചേക്കാം.
നിസാര കാര്യങ്ങള്‍ക്കുപോലും മാതാപിതാക്കളെ വിളിച്ച് പരാതി പറയുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ വിവാഹത്തോട് കൂടി ആ ശീലം നിറുത്തണം. എന്ത് പ്രശ്നമുണ്ടായാലും അച്ഛനേയും അമ്മയേയും വിളിച്ചാല്‍ മതി എന്ന ഉപദേശം നല്‍കുന്നവരും കുറവല്ല. ചില അവസരങ്ങളില്‍ അച്ഛനമ്മമാര്‍ തന്നെ ഇക്കാര്യം പറയും. എന്നാല്‍ കഴിവതും ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് ശരിയാക്കാന്‍ നോക്കണം. മാതാപിതാക്കളുടെ അടുത്തേക്ക് പ്രശ്നപരിഹാരത്തിന് ഓടരുത് എന്നുമാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ക്ക് ഉപദേശിക്കാനുള്ളത്.
രണ്ടുപേര്‍ തമ്മില്‍ ഒത്തുപോകാന്‍ ഒരിക്കലും പറ്റുന്നില്ലെന്ന് തോന്നിയാല്‍ അല്‍പം ഒന്ന് മാറിനില്‍ക്കാം. ഇത് നിങ്ങളിലെ ബന്ധത്തിന്റെ ആഴം മനസിലാക്കാന്‍ സഹായിക്കും. താല്‍ക്കാലികമായ അകല്‍ച്ചയെ പോലും മോശമായി ചിത്രീകരിക്കുന്ന വ്യവസ്ഥിതിയാണ് നമ്മുടേത്. എന്നാല്‍ ഒരു ‘റീഫ്രഷ്മെന്റ്’ പലപ്പോഴും നല്ലതിനേ ഉപകരിക്കൂ. എന്നിട്ടും കൂടിച്ചേരാന്‍ പറ്റാത്തവര്‍ പിരിയുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അല്ലെങ്കില്‍ എപ്പോഴും അതേ അസംതൃപ്തി അവര്‍ നേരിട്ടേക്കുമത്രേ.
ALSO READ: ഭർത്താവിന് വിചിത്രമായ ഒരു തരം ഭ്രാന്ത് , വിവാഹമോചനം തേടി ഭാര്യ
വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ഒരിക്കലും കൗണ്‍സിലര്‍മാരെ ആശ്രയിക്കരുത് എന്ന ഉപദേശവും വിവാഹിതരാകുന്നവര്‍ കേള്‍ക്കാനിടയുണ്ട്. എന്നാല്‍ കുടുംബത്തിലുള്ള അംഗങ്ങളെയോ മാതാപിതാക്കളെയോ പ്രശ്നപരിഹാരത്തിനായി സമീപിക്കുന്നതിനേക്കാള്‍ നല്ലത്, മികച്ച കൗണ്‍സിലര്‍മാരെ സമീപിക്കുന്നത് തന്നെയാണെന്ന് റിലേഷന്‍ഷിപ്പ് വിദഗ്ധരുടെ അഭിപ്രായം.
Post Your Comments