ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗ് ശ്രമിക്കുന്നതായി സംസ്ഥാന വനം മന്ത്രി ഉമംഗ് സിംഗ്ര്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിംഗ്ര്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ഗുധാവാനിയില്‍ നിന്നുള്ള ആദിവാസി വിഭാഗക്കാരനായ നേതാവാണ് സിംഗ്ര്‍.ദിഗ്‌വിജയ് സിംഗ് പിന്‍സീറ്റില്‍ നിന്ന് ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് സിംഗ്ര്‍ ആരോപിച്ചു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കടക്കം എല്ലാവര്‍ക്കും അറിയാം.
ഈ സാഹചര്യത്തില്‍ എന്തിനാണ് ദിഗ്‌വിജയ് സിംഗ് മന്ത്രിമാര്‍ക്ക് കത്തെഴുതിയതെന്നും സിംഗ്ര്‍ ചോദിച്ചു.ഭരണകാര്യങ്ങളിലും പദ്ധതികളുടെ നടത്തിപ്പിലും താന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയോ എന്ന് പരിശോധിക്കാന്‍ ദിഗ്‌വിജയ് സിംഗ് മന്ത്രിമാരുമായി കുടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. ഇതാണ് ദിഗ്‌വിജയ് സിംഗിനെതിരെ പരസ്യമായി രംഗത്ത് വരാന്‍ സിംഗ്‌റിനെ പ്രേരിപ്പിച്ച ഘടകം.ദിഗ്‌വിജയ് സിംഗ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തന്നെ തുറന്ന് പറഞ്ഞുകൊണ്ടാണ് സിംഗ്ര്‍ സോണിയയ്ക്ക് കത്തയച്ചിരിക്കുന്നത്.
ഭരണകാര്യങ്ങളിലിടപെട്ടുകൊണ്ട് ദിഗ്‌വിജയ് സിംഗ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിരന്തരം കത്തയക്കുന്നു. തുടര്‍ന്ന് ഈ കത്തുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നു. മധ്യപ്രദേശില്‍ അധികാര കേന്ദ്രമാകാന്‍ ദിഗ്‌വിജയ് സിംഗ് ശ്രമിക്കുകയാണെന്നും സിംഗ്ര്‍ കുറ്റപ്പെടുത്തി. നേരത്തെ പി.സി.സി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനവും പി.സി.സി അധ്യക്ഷ സ്ഥാനവും കമല്‍നാഥ് തന്നെയാണ് വഹിക്കുന്നത്.
പി.സി.സി അധ്യക്ഷ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ജ്യോതിരാതിത്യ സിന്ധ്യ രംഗത്ത് വരികയും തനിക്ക് സ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും സിന്ധ്യ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്‌വിജയ് സിംഗിനെതിരെ മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.കമല്‍നാഥ് സര്‍ക്കാരിനെ പിന്നില്‍ നിന്ന് നയിക്കുന്നത് ദിഗ്‌വിജയ് സിംഗാണെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ബലം പകരുന്നതാണ് കോണ്‍ഗ്രസിലെ പാളയത്തിലെ പട.
Post Your Comments