![Omar and mehabooba mufti](/wp-content/uploads/2019/09/Omar-and-mehabooba-mufti-.jpg)
ശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായ നേതാക്കള്‍ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയുമാണ് ബന്ധുക്കളെ കാണാന്‍ അനുവദിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഒമര്‍ അബ്ദുള്ളയുടെ കുടുംബം ഈ ആഴ്ചയില്‍ രണ്ട് തവണ അദ്ദേഹത്തെ കണ്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. ശ്രീനഗറിലെ ഹരിനിവാസിലാണ് അദ്ദേഹത്തെ താമസിപ്പിച്ചിട്ടുള്ളത്. ഒമറിന്റെ സഹോദരി സഫിയയും മക്കളും ഒമറുമായി കുടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 20 മിനിറ്റ് സമയം മാത്രമാണ് ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അനുവദിച്ച സമയം.
ALSO READ: സൗദിയില്‍ മയക്കുമരുന്ന് കടത്ത് കേസ് : മലയാളികള്‍ പിടിയിലായി
വീട്ടുതടങ്കലിലായ കാശ്മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കശ്മീരില്‍ എത്തിയിരുന്നു. സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിലാണ് തരിഗാമിയെക്കാണാന്‍ യെച്ചൂരി എത്തിയത്. ഒരു ദിവസം ഒന്നിച്ചു താമസിച്ച ശേഷമാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയത്. ഒരു ദിവസം തരിഗാമയുടെ വീട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്ന യെച്ചൂരിയുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചിരുന്നു. തരിഗാമിയുടെ ആരോഗ്യനില അടക്കമുള്ള കാര്യങ്ങളില്‍ യെച്ചൂരി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ യെച്ചൂരിക്ക് കശ്മീരിലേക്ക് പോകാന്‍ അനുവാദം നല്‍കിയത്. തരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികള്‍ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോടനുബന്ധിച്ച് കശ്മീര്‍ താഴ്വരയില് നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ച് വരികയാണ്. 105 പൊലീസ് സ്റ്റേഷനുകളില്‍ 82 എണ്ണം സാധാരണ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന് പുറമേ 29 അധിക ലാന്‍ഡ് ലൈനുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 47 അധിക ടെലിഫോണ്‍ എക്സ്ചേഞ്ചുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ പരിശോധിക്കാനെത്തിയതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയത്.
Post Your Comments