വിവാഹത്തിന് ഉചിതമായി ക്ഷണിച്ചില്ലെന്നാരോപിച്ച് മധ്യപ്രദേശിലെ ആദിവാസി കുടുംബത്തിന് ഊരുവിലക്ക്. ഗ്രാമത്തിലെ പ്രബലരായ ചിലരെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് തങ്ങള്‍ക്ക് റേഷനും വെള്ളവും നിഷേധിച്ചിരിക്കുകയാണെന്നാണ് ആദിവാസി കുടുംബം പരാതിപ്പെടുന്നത്.
ജബല്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ജമുനിയ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ തുക്കാറാം ഗോണ്ട് തന്റെ അനുജന്റെ വിവാഹത്തോടനുബന്ധിച്ച് അടുത്തിടെ ഒരു വിരുന്നു സംഘടിപ്പിച്ചിരുന്നു. പരമ്പരാഗത തീരി അനുസരിച്ച് തുക്കാറാം എല്ലാവരേയും ക്ഷണിച്ചിരുന്നുവെങ്കിലും ഉചിതമായ രീതിയില്‍ ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞ് ഗ്രാമത്തിലെ ചിലര്‍ വിവാഹത്തില്‍ പങ്കെടുത്തില്ല.
വിവാഹത്തിന് ശേഷം തങ്ങള്‍ക്ക് അടുത്തുള്ള കടയില്‍ നിന്ന് റേഷന്‍ വാങ്ങാനും സാധാരണ ടാപ്പുകളില്‍ നിന്ന് വെള്ളം എടുക്കാനും അനുവാദമില്ലാതായെന്നാണ് തുക്കാറാമിന്റെ കുടുംബം പറയുന്നത്. ഇക്കാര്യം ഉന്നയിച്ച പൊലീസില്‍ പരാതി നല്‍കിയെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യുകപോലുമുണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു. പൊലീസിന്റെ നിഷ്‌ക്രിയത്വത്തെത്തുടര്‍ന്ന് തുക്കറാം നീതിക്കായി ജില്ലാഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെട്ട ലോക്കല്‍ പോലീസ് പിന്നീട് ഇക്കാര്യം ഇരുവിഭാഗവും തമ്മില്‍ പരിഹരിച്ചതായി അവകാശപ്പെട്ടു.
READ ALSO: ലോകകപ്പ് തോൽവിയുടെ ആഘാതത്തിൽ തളർന്നു വീണു; ന്യൂസിലൻഡ് ആരാധകന് സംഭവിച്ചത്
അതേസമയം വിഷയം അനാവശ്യമായി വഷളാക്കുകയായിരുന്നെന്നാണ് ഗ്രാമത്തിലെ സര്‍പഞ്ച് കൃഷന്‍ കുമാര്‍ പട്ടേല്‍ പറയുന്നത്. സാധാനങ്ങള്‍ നല്‍കുന്നതിനും വെള്ളം എടുക്കുന്നതിനും ഇരു കൂട്ടരും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായിരുന്നെന്നും അത് പരിഹരിച്ചെന്നും പട്ടേല്‍ പറഞ്ഞു. എന്നാല്‍, പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ഇരയുടെ കുടുംബം അവകാശപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ജില്ലാ ഭരണകൂടം ലോക്കല്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Post Your Comments