കണ്ണൂര്‍: കൊട്ടിയൂര്‍ ആദിവാസി മേഖലയില്‍ മാവോയിസ്റ്റുകള്‍ പരസ്യമായി പ്രകടനം നടത്തിയതില്‍ പ്രതികരിച്ച് മന്ത്രി എ.കെ ബാലന്‍. ആദിവാസി മേഖലകളിലുള്ളവര്‍ മാവോയിസ്റ്റുകളാകാതിരിക്കണമെങ്കില്‍ ഓരോ ആദിവാസി കുടുംബത്തിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി കൊടുക്കാന്‍ കഴിയണമെന്ന് എ കെ ബാലന്‍ പറഞ്ഞു.
സര്‍ക്കാര്‍ ജോലി ചെയ്യുന്ന ഒരാള്‍ ആദിവാസി കുടുംബത്തിലുണ്ടായാല്‍ അവര്‍ക്ക് സര്‍ക്കാരിനോടും ജനങ്ങളോടും പ്രതിബദ്ധത ഉണ്ടാകും. കൂടാതെ സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കുകയും അതിനു വിരുദ്ധമായ താല്‍പര്യത്തെ എതിര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു മനഃശാസ്ത്രപരമായ സമീപനമാണ്. ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്നലെ കണ്ണൂരില്‍ തോക്കുകളെന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. പൊലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീര്‍ത്തി എന്ന കവിത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.വനിതാ മതിലിനെതിരെ ഇന്നലെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്.
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇറങ്ങി വന്ന സംഘത്തില്‍ ഒരു വനിത അടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങിയ ശേഷമാണ് ഇവര്‍ പോസ്റ്ററുകള്‍ പതിപ്പിച്ചത്. ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്നാണ് പോസ്റ്ററിലുള്ളത്. മാവോവാദി സംഘം കടയിലെത്തുമ്പോള്‍ കുറച്ചു പേര്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
Post Your Comments