തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴിസിറ്റി കോളേജില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമങ്ങളെക്കുറിച്ച് തുറന്നടിച്ച് കുത്തേറ്റ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രന്‍. തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുത്ത ശേഷമാണ് തന്നെ കൊല്ലാന്‍ ശ്രമം നടത്തിയതെന്നും അഖില്‍ പറഞ്ഞു. കോളേജില്‍ നടക്കുന്നത് നസീമിന്റെയും ശിവരഞ്ജിത്തിന്റെയും ഏകാധിപത്യ ഭരണമാണെന്നും അഖില്‍ പറഞ്ഞു.
കോളേജിലെ ഇടിമുറി പേടിസ്വപ്‌നമാണെന്നും പ്രിന്‍സിപ്പാളിനെ പോലും നോക്കുകുത്തിയാക്കി, ഇടിമുറിയിലിട്ട് എസ്എഫ്‌ഐ നേതാക്കള്‍ പലരെയും മര്‍ദ്ദിച്ചിട്ടുണ്ടെന്നും അഖില്‍ വെളിപ്പെടുത്തി. നസീമും ശിവരഞ്ജിത്തും ഉള്‍പ്പടെയുള്ളവര്‍ക്ക് തന്നോടും സുഹൃത്തുക്കളോടും വൈരാഗ്യമുണ്ടായിരുന്നു. പരിപാടികള്‍ക്ക് വിളിച്ചാല്‍ പോയില്ലെങ്കിലും വിദ്യാര്‍ഥികളെ മര്‍ദ്ദിക്കും. എതിര്‍ത്ത് സംസാരിച്ചാലും അടിക്കുമായിരുന്നു. എസ്എഫ്ഐ യൂണിറ്റ് അംഗങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കണമായിരുന്നു. അവര്‍ പറയുന്നത് പോലെ തന്നെ കോളേജില്‍ കാര്യങ്ങള്‍ നടക്കണമായിരുന്നു. ന്യായവും നീതിയും നോക്കാതെ യൂണിറ്റ് അംഗങ്ങള്‍ മര്‍ദ്ദിക്കുമായിരുന്നെന്നും അഖില്‍ പറഞ്ഞു.
ALSO READ: സാറാ കോഹന്‍ അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ പ്രായം കൂടിയ ജൂതവംശജ
താനിപ്പോഴും ഒരു എസ്എഫ്‌ഐക്കാരനാണെന്നും തനിക്കെതിരെ വധശ്രമം നടന്നതുകൊണ്ട് മാത്രമാണ് കോളേജിലെ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തറിഞ്ഞതെന്നും പറഞ്ഞ അഖില്‍ തന്റെ ചികിത്സയടക്കം പാര്‍ട്ടിയാണ് ഏറ്റെടുത്തതെന്നും കേസുമായി ബന്ധപ്പെട്ട് പൂര്‍ണ്ണ പിന്തുണയാണ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും തന്റേത് പാര്‍ട്ടി കുടംബമാണെന്നും പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും പറഞ്ഞു.
Post Your Comments