മുംബൈ : കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണവുമായി ബോളിവുഡ് നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മണ്ഠോദ്കര്‍.
കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞത് മാത്രമല്ല പ്രശ്നമെന്നും, ആ തീരുമാനം തീര്‍ത്തും മനുഷ്യത്വവിരുദ്ധമായാണ് നടപ്പാക്കിയതെന്നും ഊര്‍മിള ചൂണ്ടിക്കാട്ടി.. അതിന് ഉദാഹരണമെന്നോണം അവരുടെ കുടുംബത്തിന്റെ അവസ്ഥ അവര്‍ എടുത്തുപറയുകയും ചെയ്തു.
കാശ്മീര്‍ സ്വദേശിയായ തന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ അച്ഛനമ്മമാരുമായി സംസാരിച്ചിട്ട് 22 ദിവസമായി എന്നായിരുന്നു ഊര്‍മിള വെളിപ്പെടുത്തിയത്. കാശ്മീരില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളവരാണെന്നും അവര്‍ കഴിക്കേണ്ട മരുന്നുകള്‍ കഴിച്ചോ എന്ന് തങ്ങള്‍ക്ക് ഉറപ്പിക്കാന്‍ ആകുന്നില്ലെന്നും ഊര്‍മിള പറഞ്ഞു.
ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കാശ്മീരിന് പ്രത്യേക പദവികള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതായി അമിത് ഷാ പ്രഖ്യാപിക്കുന്നത്. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി കാശ്മീരിനെ സര്‍ക്കാര്‍ വിഭജിക്കുകയായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഊര്‍മിള മത്തോണ്ഡ്ക്കര്‍ മത്സരിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ ഗോപാല്‍ ഷെട്ടിയോട് നാല് ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് ഇവര്‍ പരാജയപ്പെട്ടു.
Post Your Comments