മെഹബൂബ്‌നഗര്‍: യുവാവുമായുള്ള വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍. തെലങ്കാനയിലെ മെഹബൂബ്‌നഗര്‍ ജില്ലയിലെ ടണ്ട എന്ന സ്ഥലത്താണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം വീട്ടില്‍ നിന്നും വിളിച്ചിറക്കി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു.
കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ജഡ്ചര്‍ല പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി 28 കാരനായ യെംഗു നവീന്‍ റെഡ്ഡി എന്ന യുവാവിനൊപ്പമുള്ളതായി കണ്ടെത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ തന്നെ വീല്‍ അലൈന്‍മെന്റ് സ്ഫാപനത്തിന്റെ ഉടമയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് യുവാവ് വെളിപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറി. നിത്യേനയുള്ള ഫോണ്‍ ബന്ധം വഴി ഇരുവരും സൗഹൃദം സ്ഥാപിച്ചു. യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്.
കാണാതായ ദിവസം യുവാവ് പെണ്‍കുട്ടിയെ, അവളുടെ വീടിന് ഒരുകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ഇത് പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കല്ലുകൊണ്ട് മര്‍ദ്ദിച്ച് അബോധവസ്ഥയിലാക്കി പീഡനത്തിനിരയാക്കുകയായിരുന്നു. ബോധം വന്നപ്പോല്‍ സംഭവം വീട്ടുകാരെ അറിയിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് കല്ലുകൊണ്ട് തലക്കടിച്ച് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments