ശ്രീനഗര്‍: കശ്മീര്‍ ജനതയുടെ വികസനത്തിനായി തയ്യാറാക്കിയിരിക്കുന്നത് വൻ വികസന പദ്ധതികളാണെന്ന് ഗവർണർ സത്യപാൽ മാലിക്ക്. അടുത്ത ആറ് മാസത്തിനുള്ളില്‍ കശ്മീരിലും ലഡാക്കിലും വന്‍തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരില്‍ 50 പുതിയ കോളേജുകള്‍ തുറക്കും. പെണ്‍കുട്ടികള്‍ക്കായി പ്രത്യേക കോളേജുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി ഗവര്‍ണര്‍ വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കശ്മീര്‍ ജനതയുടെ സുരക്ഷയെ മുന്‍നിര്‍ത്തി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ യുവാക്കളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഭരണസമിതിയില്‍ 50,000 തൊഴിലുകള്‍ സൃഷ്ടിക്കും. മൂന്നുമാസത്തിനുള്ളില്‍ ഈ തസ്തികകളിലേക്കുള്ള നിയമനം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ആയിരിക്കുമെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
ഒരു സാധാരണക്കാരനും ഇവിടെ ജീവന്‍ നഷ്ടമായിട്ടില്ല. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനും,നേതാക്കളുടെ ജീവന്‍ സംരക്ഷിക്കാനുമാണ് അവരെ കരുതല്‍ തടങ്കലിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.കശ്മീരിലെ അഞ്ച് ജില്ലകളില്‍ ഫോാണ്‍, ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. കശ്മീരില്‍ സ്ഥിതി നിലവില്‍ ശാന്തമാണെന്നും പ്രത്യേക പദവി നല്‍കുന്ന ഭരണഘടന വകുപ്പ് റദ്ദാക്കിയ നടപടി കശ്മീരിനെ വികസനത്തിലേക്കാണ് നയിക്കുകയെന്നും മാലിക് വ്യക്തമാക്കി.
Post Your Comments