കോലഞ്ചേരി: കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങളും വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന മാംസവും ഉള്‍പ്പെടെയുള്ളവ പിടികൂടി. കോട്ടൂര്‍ പാറേക്കാട്ടിക്കവലയിലെ കോള്‍ഡ് സ്റ്റോറേജില്‍ ആരോഗ്യ വകുപ്പ് നടത്തിയ ആഴ്ചകള്‍ പഴകിയ 45 കിലോ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. മാസങ്ങളായി ശുചീകരണം നടത്താതെ അഴുകിയ മാംസ മാലിന്യങ്ങളും ചോരയും അടിഞ്ഞുകൂടി രോഗാണു ബാധയ്ക്കു സാധ്യതയുള്ള ഫ്രീസറിലായിരുന്നു മാസം സൂക്ഷിച്ചിരുന്നത്. ഈ സ്ഥാപനം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഹോട്ടലുകളിലും ബേക്കറികളിലും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ അവഗണിച്ചു കൊണ്ടു പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 4 ഹോട്ടലുകളില്‍ വില്‍പന നടത്താനായി രഹസ്യമായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിലായി 30 തൊഴിലാളികളെ പരിശോധിച്ചതില്‍ 16 പേരും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയാണു ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. ത്വക് രോഗമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി പാചകം ചെയ്തിരുന്ന 3 പേരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതില്‍ നിന്നു വിലക്കി. മുന്‍പ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ട ടൗണിലെ 2 ഹോട്ടലുകളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
കാലഹരണപ്പെട്ട ലൈസന്‍സുമായി പ്രവര്‍ത്തിക്കുക, മാസങ്ങളായി അടുക്കള വൃത്തിയാക്കാതിരിക്കുക, മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാതിരിക്കുക, പുകയില വിരുദ്ധ ബോര്‍ഡ് സ്ഥാപിക്കാതിരിക്കുക എന്നീ പോരായ്മകള്‍ പരിഹരിക്കുന്നതിനു 8 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് കാലാവധിക്കു ശേഷം ഈ സ്ഥാപനങ്ങളില്‍ വിലയിരുത്തല്‍ പരിശോധന നടത്താനാണ് തീരുമാനം. പൂതൃക്ക ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ.സജിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.എ.സതീഷ്‌കുമാര്‍, കെ.കെ.സജീവ്, എസ്.നവാസ്, പി.എസ്. ലിസി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷണ-പാനീയ വില്‍പന കേന്ദ്രങ്ങള്‍ക്കെതിരെ പരിശോധന തുടരുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.അരുണ്‍ ജേക്കബ് അറിയിച്ചു.
Post Your Comments