തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം സി ജെ എം കോടതിയില്‍ വിചാരണ ആരംഭിക്കുക. 133 സാക്ഷികളുള്ള കേസിലെ രണ്ടും മൂന്നും സാക്ഷികളായ മദര്‍ സുപ്പീരിയര്‍ ലിസ്സി, സിസ്റ്റര്‍ അനുപമ എന്നിവരെ പ്രോസിക്യൂക്ഷന്‍ വിസ്തരിക്കും.
2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികള്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഈ ഹര്‍ജികള്‍ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ നിലവിലുള്ള പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ തന്നെ കുറ്റവിമുക്തരാക്കിയിരുന്നു.
1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുക്കുന്നത്.
ALSO READ: ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധ
അതേസമയം, കേസില്‍ മരിച്ച സാക്ഷികള്‍ക്ക് കോടതി സമന്‍സയച്ച് വാര്‍ത്തയായിരുന്നു. അഭയയുടെ മരിച്ചു പോയ പിതാവും, മാതാവും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കോടതി സമന്‍സ് അയച്ചത്.മരിച്ചു പോയവരുടെ വിവരങ്ങള്‍ സിബിഐ പ്രത്യേക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നതാണ് ഗുരുതര വീഴ്ചയ്ക്ക് കാരണമായത്. അഭയയുടെ പിതാവും, കേസിലെ രണ്ടാം സാക്ഷിയുമായ തോമസ് തിങ്കളാഴ്ച ഹാജരാവണം എന്നാണ് സമന്‍സ്. 2016 ജൂണില്‍ തോമസ് മരണമടഞ്ഞിരുന്നു. 2015ല്‍ മരിച്ച അഭയയുടെ മാതാവ് ലീലാമ്മ, ദൃക്സാക്ഷി 2014ല്‍ മരണമടഞ്ഞ ചെല്ലമ്മ ദാസ്, മരിച്ച ഇടവക വികാരി ഫാ. തോമസ് ചാഴിക്കാടന്‍, കാലംചെയ്ത ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി, ഈയിടെ അന്തരിച്ച ഫോറന്‍സിക് സര്‍ജന്‍ ഡോ ഉമാദത്തന്‍ എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചിരുന്നു.
Post Your Comments