Festivals

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷക്കാലമാണ് ഓണം ഒപ്പം ഗൃഹാതുരമായ ഒരോര്‍മ്മപ്പെടുത്തലും

 

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷക്കാലമാണ് ഓണം.. ഒപ്പം ഗൃഹാതുരമായ ഒരോര്‍മ്മപ്പെടുത്തലും.
ഇന്ന് കേരളീയരുടെ മാത്രം ദേശീയ ഉത്സവമല്ല, ആഗോള ഉത്സവമാണ്. ലോകത്തിന്റെ ഏതു ഭാഗത്തും, മലയാളി എവിടെ ഉണ്ടോ അവിടെ ഓണവുമുണ്ട്. ചിങ്ങമാസം മലയാളിയുടെ പുതുവര്‍ഷാരംഭമാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

ലോകത്തെവിടെയായാലും ഓണം ആഘോഷിക്കാന്‍ മലയാളികള്‍ തയ്യാര്‍. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ട് അവര്‍ ഓണത്തെ വരവേല്‍ക്കുന്നു.

കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തല്‍പ്പരനായിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തി ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം എന്നാണ് ഐതീഹ്യം.

കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്റെ സ്മരണയായാണ് ഓണം ആഘോഷിക്കുന്നതെന്നും ഒരു വിശ്വാസം ഉണ്ട്. തൃക്കാക്കര ക്ഷേത്രത്തിലെ 28 ദിവസത്തെ ഉത്സവത്തിന്റെ സമാപനമാണ് ഓണമായി മാറിയത് എന്നും കരുതുന്നുണ്ട്.

വിളവെടുപ്പിന്റെ ഉത്സവമാണ് ഓണം. മലയാളിയുടെ പത്തായങ്ങള്‍ നിറയുന്ന ഉത്സവം. കുടിയാന്മാരായ കൃഷിക്കാര്‍ കാര്‍ഷിക വിഭവങ്ങളുമായി ജന്മിമാരുടെ മുന്‍പില്‍ ഓണക്കാഴ്ച സമര്‍പ്പിക്കും.

ഓണസദ്യയും ഓണക്കോടിയുമാണ് ഓണാഘോഷത്തിന്റെ പ്രധാന ഇനം. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ണുന്നു. കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ് ഓണം. മലയാളക്കരയിലെത്തുന്ന മാവേലിയുടെ കൂടെ പാക്കനാരും തേവിയമ്മയും വരുമെന്നും പഴമക്കാര്‍ പറയുന്നു. മഹാബലി എത്തുമ്പോള്‍ പൂക്കളവും, പൂജയും, വിശിഷ്ടഭോജ്യവും ഒക്കെ വേണം.

കര്‍ക്കടകത്തിലെ തിരുവോണം പിള്ളേരോണമാണ്. അന്നു മുതല്‍ ഓണാഘോഷം ആരംഭിക്കും. മധ്യതിരുവിതാംകൂറിലെ ആറന്മുളയില്‍ ഉതൃട്ടാതി നാളില്‍ നടക്കുന്ന വള്ളംകളിയോടെ ഓണത്തിന് തിരശ്ശീല വീഴുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button