‘തുമ്പപ്പൂവേ പൂത്തിരളേ
നാളേക്കൊരുവട്ടി പൂതരണേ
ആക്കില ഈക്കില ഇളംകൊടി പൂക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
കാക്കപ്പൂവേ പൂത്തിരളേ
നാളേക്കൊരുവട്ടി പൂതരണേ’
ഓണം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് പൂക്കളവും പൂപ്പാട്ടുകളുമൊക്കെയാണ്. പലനിറങ്ങളും വര്‍ണങ്ങളിലും മനസില്‍ നിറയുന്ന പൂക്കാലം… പാടത്തും പറമ്പിലുമൊക്കെ പൂവിളിയുമായി ഒാടിനടന്ന ആ കുട്ടിക്കാലം ഇന്ന് പലര്‍ക്കും ഗൃഹാതുരത്വം നിറയുന്ന ഓര്‍മ്മയായി മാറിയിരിക്കുകയാണ്. പുതുതലമുറയ്ക്കാണെങ്കില്‍ അതിനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുമില്ല. തൊടിയിലും ആറ്റുവക്കിലും എന്നു വേണ്ട പ്രകൃതിയെ പല നിറങ്ങളില്‍ അണിയിച്ചൊരുക്കുന്ന പൂക്കാലം കൂടിയാണ് ഓണം. ഈ വലിയ ആഘോഷത്തിന്റെ പിന്നിലുമുണ്ട് ഒരു സങ്കല്പം. നാട്ടിലെ ജൈവ വൈവിധ്യവും വംശനാശം വന്നേക്കാനിടയുള്ള ചെടികളും പൂക്കളും സംരക്ഷിക്കുക എന്ന ഉദ്ദേശം കൂടിയുണ്ടായിരുന്നു അതിന്.
ഓണം പൂക്കളുടെ കാലമാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പൂവുകളും പ്ലാസ്റ്റിക് പൂവുകളും അരങ്ങ് വാഴുന്നതിന് മുന്‍പ് തുമ്പ, തുളസി, മുക്കുറ്റി, ചെമ്പരത്തി, അരിപ്പൂ, കാക്കപ്പൂ, കോളാമ്പിപ്പൂ, കൃഷ്ണകിരീടം, കൊങ്ങിണിപ്പൂ, കാശിത്തുമ്പ , ശംഖുപുഷ്പം, ആമപ്പൂ, മഷിപ്പൂ, മുല്ലപൂ, നന്ത്യാര്‍വട്ടം, തൊട്ടാല്‍വാടി, മന്ദാരം, പവിഴമല്ലി, രാജമല്ലി, തെച്ചിപ്പൂ, പിച്ചകം,സുഗന്ധരാജന്‍ തുടങ്ങി നീളുന്ന ഓണപ്പൂക്കളുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് ആ പൂക്കളെ കാണാനില്ല.
ഓണപ്പൂക്കളത്തില്‍ പ്രധാനിയായിരുന്ന തുമ്പപ്പൂ ഇന്ന് എവിടെപ്പോയി. തുമ്പപ്പൂ ഇല്ലാതെ പണ്ട് കാലം മലയാളികള്‍ പൂക്കളമിട്ടിരുന്നില്ല. തുമ്പപ്പൂവില്ലാതെ പൂക്കളം ഇടാന്‍ പാടില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍, ഇന്നോ.. അങ്ങനെയൊരു പൂവിനെക്കുറിച്ച് പുതുതലമുറയ്ക്ക് അറിയില്ല. അഥവാ അറിയാമെങ്കിലും ഭംഗി പോരല്ലോ? ഇതാ മലയാളി മറന്നു തുടങ്ങിയ ഓണപ്പൂക്കള്‍
1.തുമ്പപ്പൂ
പണ്ട് കാലത്ത് പൂക്കളത്തിന്റെ മധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുക തുമ്പപ്പൂവായിരുന്നു. മാവേലി മന്നന്‍ പ്രത്യേകിച്ച് അനുഗ്രഹിച്ചതാണ് തുമ്പപ്പൂവിനെ എന്നാണ് ഐതിഹ്യം. പക്ഷെ മഹാബലി തമ്പുരാനിഷ്ടപ്പെട്ട തുമ്പപ്പൂവിനെ ഇന്ന് കാണാനില്ല.
2.മുക്കുറ്റി
ഓണപ്പൂക്കളില്‍ മുക്കുറ്റിക്കും പ്രത്യേക സ്ഥാനമുണ്ട്. ഇത്തിരിക്കുഞ്ഞനാണെങ്കിലും സ്വര്‍ണവര്‍ണത്തിലുള്ള മുക്കുറ്റിക്ക് പ്രത്യേക ഭംഗിയുണ്ട്. എന്നാല്‍ ഇന്ന് മുക്കുറ്റി എന്നത് നാട്ടിന്‍പുറങ്ങളില്‍ മാത്രം അപൂര്‍വ്വമായി കണ്ടു വരുന്നതാണ്.
3.തുളസി
പണ്ട് ഓണത്തിന് തുളസിയും പ്രധാനമാണ്. പൂക്കളത്തിന് ഒരു ഐശ്വര്യമാണിത്. എന്നാല്‍ ഭംഗിപോരെന്ന കാരണം പറഞ്ഞ് തുളസിയും പലപ്പോഴും പൂക്കളത്തിന് പുറത്താണ്.
4.ചെമ്പരത്തി
ചെമ്പരത്തി പൂക്കള്‍ നാട്ടുമ്പുറങ്ങളില്‍ ഇന്നും സുലഭമാണ്. വ്യത്യസ്ത നിറത്തിലുള്ള പൂക്കള്‍ അരങ്ങുവാഴുന്നതിനാല്‍ ചെമ്പരത്തി പറിക്കാനും ഇടാനും മലയാളിക്ക് വലിയ ഇഷ്ടമില്ല.
5.കണ്ണാന്തളിപ്പൂവ്
കണ്ണാന്തളിപ്പൂക്കളാണ് ഓണപ്പൂക്കളത്തിലെ പ്രധാന ആകര്‍ഷണീയത. എന്നാല്‍ ഇന്ന് ഇത് ഓര്‍മ്മ മാത്രമാണ്.
Post Your Comments